ഓയൂർ: വെളിനല്ലൂർ വില്ലേജിൽ കരിങ്ങന്നൂർ, താന്നിമൂട് പ്രദേശങ്ങളിൽ വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ നാൽവർ സംഘത്തെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. വെളിനല്ലൂർ താന്നിമൂട് നീലക്കോണം ചരുവിള വീട്ടിൽ ആരോമൽ (24), ഇന്ദുവിലാസത്തിൽ ചന്ദു ( 27 ), മനോജ് വിലാസത്തിൽ മനോജ് (27), അഖിൽ ഭവനിൽ അഖിൽ (27) എന്നിവരാണ് പിടിയിലായത്. പ്രദേശത്ത് നിന്ന് റബർ ഷീറ്റുകളും ഒട്ടുകറയുംമോഷണം പോകുന്നത് പതിവായിരുന്നു. കരിങ്ങന്നൂർ താന്നിമൂട്ടിൽ ഹിൽ ക്രിസ്റ്റിൽ അജയകുമാർ, താന്നിമൂട് ദിലീപ് മന്ദിരത്തിൽ ദിലീപ്കുമാർ, കരിങ്ങന്നൂർ രേവതിയിൽ സലീം എന്നിവർ പൊലീസിൽ പരാതി നൽകിയിരുന്നു.
കഴിഞ്ഞ ദിവസം താന്നിമൂട് ഹിൽ ക്രിസ്റ്റിൽ അജയകുമാറിന്റെ വീടിന്റെ ഓട് പൊളിച്ച് ഉള്ളിൽ കടന്ന മോഷ്ടാക്കൾ ടി.വി , മിക്സി, അലൂമിനിയം പാത്രങ്ങൾ എന്നിവ മോഷ്ടിച്ചിരുന്നു. പൂയപ്പള്ളി സി.ഐ ബിജു വിന്റെ നിർദേശപ്രകാരം എസ്.ഐ രജനീഷ് മാധവന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികൾ പകൽ സമയങ്ങളിൽ ഇത്തിക്കര ആറിന്റെ ആളൊഴിഞ്ഞ പ്രദേശത്ത് വിശ്രമിക്കാനെത്തുമെന്ന് രഹസ്യ വിവരം ലഭിച്ചു.
പൊലീസ് മീൻ പിടിത്തക്കാരുടെ വേഷത്തിൽ സ്ഥലത്തെത്തി ബലപ്രയോഗത്തിലൂടെ പ്രതികളെ പിടികൂടുകയായിരുന്നു. സി.പി.ഒ മാരായ ബിനീഷ്, സാബു, റിജു, അൻവർ എന്നിവർ പൊലീസ് സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.