വടിവേലു
ഓച്ചിറ: വീടുകള്‍ കുത്തിത്തുറന്ന് മോഷണം നടത്തുന്ന അന്തര്‍ സംസ്ഥാന മോഷ്ടാവ് പിടിയിലായി. തമിഴ്നാട് മധുര മുനിയാണ്ടിപുരംവടിവേലു (45) ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. 2024 മാര്‍ച്ചിൽ പാവുമ്പയിലെ വീടിന്റെ അടുക്കള വാതില്‍ പൊളിച്ച് അകത്തുകയറി ആറ് പവനോളം സ്വര്‍ണവും 15,000 രൂപയും മോഷണം പോയിരുന്നു. പൊലീസിന് സ്ഥലത്തുനിന്ന് ലഭിച്ച വിരലടയാളമാണ് കേസിലെ തുമ്പായത്.
ശാസ്ത്രീയമായി പരിശോധിച്ചതില്‍ തമിഴ്നാട് സ്വദേശി വടിവേലുവിന്റെതാണെന്ന് തിരിച്ചറിഞ്ഞു. മധുരയില്‍ എത്തിയ പൊലീസ് സംഘത്തിന് കുപ്രസിദ്ധമായ തിരുട്ട് ഗ്രാമത്തില്‍ നിന്ന് പ്രതിയെ പിടികൂടല്‍ ദുസ്സഹമായിരുന്നു. ദിവസങ്ങളോളം അവിടെ തങ്ങിയ പൊലീസ് സാഹസികമായാണ് പ്രതിയെ പിടികൂടിയത്. വടിവേലുവിന് തമിഴ്നാട്ടില്‍ മാത്രം 25 ഓളം മോഷണ കേസുകള്‍ ഉണ്ട്.
തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന ലോറികളില്‍ ജോലിക്കായി വന്നു മോഷണം നടത്തി അതേ ലോറിയില്‍ തിരികെ പോകുന്നതാണ് ഇയാളുടെ മോഷണ രീതി. ജില്ല പൊലീസ് മേധാവി കിരണ്‍ നാരായണന്റെ നിര്‍ദേശപ്രകാരം കരുനാഗപ്പള്ളി എ.സി.പി വി.എസ്. പ്രദീപ്കുമാറിന്റെ മേല്‍നോട്ടത്തില്‍ കരുനാഗപ്പള്ളി ഇന്‍സ്പെക്ടര്‍ അനൂപ്, എസ്.ഐമാരായ ഷമീര്‍, ആഷിഖ്, അമല്‍ പ്രസാദ്, എസ്.സി.പി.ഒ ഹാഷിം, സരണ്തോമസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.