ഓച്ചിറയിൽ റെയിൽവേ പാളത്തിലെ കണക്ടിങ് റോഡ് ഊരി മാറിയ ഭാഗം റെയിൽവേ ഉന്നത ഉദ്യോഗസ്ഥർ പരിശോധിക്കുന്നു
ഓച്ചിറ: റെയിൽവേ പാളത്തിലെ കണക്ടിങ് റോഡ് ഊരിമാറിയനിലയിൽ കണ്ടതിനെ തുടർന്ന് ട്രെയിൻ റെയിൽവേ സ്റ്റേഷനിലെ പാളത്തിൽ കയറിയില്ല. സിഗ്നൽ കിട്ടാതെ ട്രെയിൻ സ്റ്റേഷനിലേക്ക് കയറാൻ കഴിതിരുന്നതിനെ തുടർന്നാണ് പരിശോധനയിൽ പ്രധാന ലൈനിൽനിന്നും ലൂപ്പ് ലൈനിലേക്കും, മറിച്ചും ട്രെയിൻ വഴിതിരിച്ചുവിടുന്ന കണക്ടിങ് റോഡ് ഊരിമാറിയനിലയിൽ കണ്ടത്. ഓച്ചിറ റെയിൽവേ സ്റ്റേഷനു തെക്കുഭാഗത്തായുള്ള ട്രാക്കിലാണ് സംഭവം.
ശനിയാഴ്ച പുലർച്ചെ 5.15 ന് പാസഞ്ചർ ട്രയിൻ എത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. കണക്ടിങ് റോഡ് ഊരിമാറിയതു റെയിൽവെയുടെ ആധുനിക സംവിധാനത്തിലൂടെ മനസിലാക്കുകയും, സിഗ്നൽ ലഭ്യമാകാത്തതിനെ തുടർന്ന് ട്രെയിൻ നിർത്തുകയുമായിരുന്നു. തുടർന്ന് െട്രയിൻ പ്ലാറ്റ്ഫോമിൽ നിന്ന് മാറി മധ്യഭാഗത്തുള്ള പ്രധാന ലൈനിലൂടെ കടന്നുവന്നു സ്റ്റേഷനിൽ നിർത്തി യാത്രക്കാരെ കയറ്റുകയായിരുന്നു. പിന്നീടുവന്ന പാലരുവി എക്സപ്രസും പ്രധാന ലൈനിൽ നിർത്തിയാണ് യാത്രക്കാരെ കയറ്റിയത്. അതിനുശേഷം ഏറനാട് എക്സ്പ്രസ്, വന്ദേഭാരത് എക്സപ്രസ് എന്നീ ട്രെയിനുകളും കടന്നുപോയി.
സിഗ്നൽ,ട്രാഫിക് വിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും റെയിൽവേ പൊലീസും സ്ഥലത്ത് എത്തി രാവിലെ 7.20 ഓടെ തകരാർ പരിഹരിച്ചു. തിരുവനന്തപുരത്തുനിന്നും എത്തിയ ആർ.പി.എഫ്. എ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം തകരാർ വിശദമായി പരിശോധിച്ചു. മുൻപും രണ്ടിടത്ത് സമാന സംഭവം ഉണ്ടായിട്ടുണ്ടെന്നും, സംഭവത്തിൽ ദുരൂഹത കാണുന്നില്ലന്നുമാണ് പ്രാഥമിക നിഗമനം. എന്നാലും അന്വേഷണം നടത്തുമെന്ന് റെയിൽവേ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.