കെ.എസ്.ആർ.ടി.സിയിൽ റാപ്പിഡ് റിപ്പയർ മിനി വാനുകളുടെയും ഇ-സുതാര്യം പദ്ധതികളുടെയും സംസ്ഥാനതല ഉദ്ഘാടനം
കൊട്ടാരക്കരയിൽ മന്ത്രിമാരായ കെ.എൻ. ബാലഗോപാലും കെ.ബി. ഗണേഷ് കുമാറും ചേർന്ന് നിർവഹിക്കുന്നു
കൊട്ടാരക്കര: കെ.എസ്.ആർ.ടി.സി ബസുകൾ ബ്രേക്ക്ഡൗൺ ആകുന്ന സാഹചര്യ ങ്ങളിൽ യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ പരമാവധി ലഘൂകരിച്ച് ബസുകൾ തുടർയാത്രക്ക് സജ്ജമാക്കാൻ റാപ്പിഡ് റിപ്പയർ ടീം പ്രവർത്തനസജ്ജമായി.
ഇതിനായി 10 മിനി മൊബൈൽ വർക്ഷോപ് വാനുകളാണ് തയാറാക്കിയിട്ടുള്ളത്. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം കൊട്ടാരക്കര കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ധനമന്ത്രി കെ.എൻ. ബാലഗോപാലും ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറും ചേർന്ന് നിർവഹിച്ചു. മുനിസിപ്പൽ ചെയർമാൻ കെ. ഉണ്ണിക്കൃഷ്ണമേനോൻ അധ്യക്ഷത വഹിച്ചു. കെ.എസ്.ആർ.ടി.സി മാനേജിങ് ഡയറക്ടർ പി.എസ്. പ്രമോദ് ശങ്കർ സ്വാഗതം പറഞ്ഞു.
എക്സിക്യൂട്ടിവ് ഡയറക്ടർമാരായ എ. ഡേവിഡ്, പ്രദീപ് കുമാർ, ഫിനാൻസ് മാനേജർ ഷാജി, ചീഫ് ട്രാഫിക് ഓഫിസർ റോയ് ജേക്കബ്, അശോക് ലെയ്ലൻഡ് റീജനൽ മാനേജർ മുഹമ്മദ് ഏലിയാസ്, ഏരിയ മാനേജർ ജേക്കബ് തോമസ്, കൊട്ടാരക്കര അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫിസർ ബി. അജിത്കുമാർ എന്നിവർ സംസാരിച്ചു.
പാറശ്ശാല, തിരുവനന്ത പുരം സിറ്റി, കൊട്ടാരക്കര, പത്തനാപുരം, എറണാകുളം, മൂന്നാർ, പാലക്കാട്, താമരശ്ശേരി, സുൽത്താൻ ബത്തേരി, കാസർകോട് ഡിപ്പോകൾക്കാണ് മിനി വാനുകൾ അനുവദിച്ചത്. ഈ വാഹനങ്ങളുടെ താക്കോലും വർക് ഷോപ് ടീമിനുള്ള മൊബൈൽ ഫോണും മന്ത്രിമാർ കൈമാറി.
കെ.എസ്.ആർ.ടി.സിയുടെ കേന്ദ്രീകൃത ഇൻവെന്ററി സംവിധാനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി രൂപം നൽകിയ ഈ സുതാര്യം സോഫ്റ്റ്വെയറിന്റെയും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കെ.എസ്.ആർ .ടി.സി സംസ്ഥാനത്തെ എല്ലാ ബസ് സ്റ്റേഷനുകളിലും ബ്ലൈൻഡ് സ്പോട്ടു കളായി സ്ഥാപിക്കുന്ന സമഗ്ര സി.സി.ടി.വി നിരീക്ഷണസംവിധാനങ്ങളുടെയും ഉദ്ഘാടനവും മന്ത്രിമാരായ കെ.എൻ. ബാലഗോപാലും കെ.ബി. ഗണേഷ് കുമാറും ചേർന്ന് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.