കൊട്ടാരക്കര: കൊട്ടാരക്കര സ്വകാര്യ ബസ് സ്റ്റാൻഡിൽ മലിനജലം കെട്ടി കിടക്കുന്നതിനാൽ യാത്രികർ മൂക്ക് പൊത്തി സഞ്ചരിക്കേണ്ട ഗതികേടിൽ. സ്വകാര്യ ബസ് സ്റ്റാൻഡിന്‍റെ നിർമാണത്തിന്‍റെ ഭാഗമായാണ് കുഴികൾ ഉണ്ടായത്. സ്റ്റാൻഡിൽ നിന്ന് 50 ഓളം സ്വകാര്യ ബസുകളാണ് സർവിസ് നടത്തുന്നത്.
ബസ്റ്റാൻഡിന് പിറകുവശത്തായി നിർമ്മാണത്തിന്‍റെ ഭാഗമായി കുഴി എടുത്തിരുന്നു. ഇവിടേക്ക് മാലിന്യം ഒഴുകിയെത്തുകയും മഴയിൽ ജലം കെട്ടിക്കിടക്കുന്നതിനാലുമാണ് ദുർഗന്ധത്തിന് കാരണം. മാത്രമല്ല, ജലംകെട്ടി കിടക്കുന്നതിനാൽ കൊതുക് ശല്യവും വർധിച്ചിട്ടുണ്ട്.
വർഷങ്ങളായി സ്വകാര്യ ബസ് സ്റ്റാൻഡിൽ മാലിന്യം അടിഞ്ഞുകൂടി നടക്കാൻ കഴിയാത്ത അവസ്ഥയാണ്. മഴ സമയമായാൽ യാത്രികർ ചെളിയിൽ തെന്നിവീഴുന്നത് പതിവാണ്. കെട്ടികിടക്കുന്ന മലിന ജലം നീക്കം ചെയ്യാൻ കഴിയാതെ നഗരസഭ മൗനം പാലിച്ചിരിക്കുകയാണ്. ദിവസം തോറും മലിനജലം കൂടി വരുകയും യാത്രികർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യുന്നു. സമീപത്തെ കടകളിൽ നിന്നുള്ള മലിനജലമാണ് ഈ കുഴികളിൽ ഒഴുകി എത്തുന്നതെന്നാണ് ആരോപണം.
ബസ് സ്റ്റാൻഡിന്‍റെ നിർമാണം നിർത്തിവെച്ചിട്ട് വർഷങ്ങളായി. ഇതിനൊരു പരിഹാരം കാണാൻ അധികൃതർക്ക് സാധിച്ചിട്ടില്ല. സ്റ്റാൻഡിൽ വാഹന തിരക്ക് ഉണ്ടാകുമ്പോൾ ചില ബസുകൾ മലിനജലത്തിന്‍റെ ഭാഗത്തായി നിർത്തിയിടുന്നത് പതിവാണ്. ഇത് ബസിൽ കയറുന്നവർക്കും ഇറങ്ങുന്നവർക്കും ബുദ്ധിമുട്ടായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.