representational image
കൊട്ടാരക്കര: ഭൂരഹിത, ഭവനരഹിതരായ 24 കുടുംബങ്ങൾക്ക് വീടൊരുക്കി നൽകാനുള്ള കുളക്കട പഞ്ചായത്ത് പദ്ധതി പൂർത്തീകരണത്തിലേക്ക്. പൂവറ്റൂർ കിഴക്ക് ആലംകുന്ന് മഹാദേവ ക്ഷേത്രത്തിനുസമീപം പഞ്ചായത്ത് വിലക്കുവാങ്ങിയ സ്ഥലത്താണ് ലൈഫ് ഭവനപദ്ധതിയിൽ ഉൾപ്പെടുത്തി വീടുകളുടെ നിർമാണം അന്തിമഘട്ടത്തിലെത്തി നിൽക്കുന്നത്.
ഭൂരിപക്ഷം വീടുകളുടെയും വാർപ്പും സിമന്റ് പൂശലും പൂർത്തിയായി. ഒരുമാസത്തിനുള്ളിൽ താമസയോഗ്യമാക്കും. തുടർന്ന്, പഞ്ചായത്തിലെ വലിയ വികസന പദ്ധതികളിലൊന്നായ ഭവനസമർപ്പണം നടക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പി.ടി. ഇന്ദുകുമാർ പറഞ്ഞു.
പൂവറ്റൂർ പടിഞ്ഞാറുഭാഗത്തെ ലൈഫ് വീടുകളിൽ എല്ലാവിധ സൗകര്യങ്ങളും ഉറപ്പാക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. പൊതുകിണർ, വൈദ്യുതീകരണം, മാലിന്യനിർമാർജന സംവിധാനം, കളിസ്ഥലം എന്നിവയെല്ലാം സജ്ജമാക്കും. ഇത്രയും കുടുംബങ്ങൾക്ക് സ്ഥിരവരുമാനം ഉണ്ടാകുന്ന തരത്തിൽ തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ടെന്ന് പ്രസിഡന്റ് പറഞ്ഞു.
ഭൂരഹിത ഭവനരഹിതർക്കായി ഫ്ലാറ്റ് സമുച്ചയം എന്നതായിരുന്നു ആദ്യം പഞ്ചായത്ത് സമിതിയുടെ തീരുമാനം. ഇതിനായി പഞ്ചായത്താണ് സ്ഥലം വിലകൊടുത്ത് വാങ്ങിയത്.
8.44 കോടിയായിരുന്നു ഭവന സമുച്ചയത്തിനായി അടങ്കൽ തയാറാക്കിയിരുന്നത്. ഒരു വീടിന് ഏകദേശം 21 ലക്ഷം രൂപ ചെലവാകുമെന്നതായിരുന്നു അവസ്ഥ. ഇത് നടക്കാതെ വന്നതോടെ ഓരോരുത്തർക്കും സ്വതന്ത്ര വീട് എന്നായി പദ്ധതി മാറി. നാല് ലക്ഷം രൂപയാണ് ഓരോ വീടിനു ചെലവാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.