കൊട്ടാരക്കര: ചൊവ്വാഴ്ച കഞ്ചാവ് കേസിൽ റിമാൻഡിലായ പ്രതിയുടെ ഫേസ്ബുക്കിൽ നിന്ന് ചാറ്റിങ് നടന്നത് ആശയക്കുഴപ്പമുണ്ടാക്കി. അന്വേഷണം നടത്തിയ കൊട്ടാരക്കര പൊലീസ് കണ്ടെത്തിയത് പ്രതിയുടെ ഭാര്യയെ. ഭർത്താവ് കൊട്ടാരക്കര വല്ലം ശ്രീകൃഷ്ണ മന്ദിരത്തിൽ അരുൺ അജിത്ത് (25) ജയിലായതിന് ശേഷവും ഇയാളുടെ അക്കൗണ്ടിലൂടെ കഞ്ചാവിനെ സംബന്ധിച്ചും പൊലീസിനെതിരെയും ചാറ്റ് നടന്നു. ഇതിന്റെ സ്ക്രീൻഷോട്ട് സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിച്ചത് പൊലീസിന് തലവേദനയായി.
കൊട്ടാരക്കര സബ് ജയിലിൽ നിന്നാണോ ഇത്തരത്തിൽ മൊബൈൽ ഫോൺ വഴി ചാറ്റ് നടത്തിയതെന്ന് സംശയം ഉയർന്നതോടെ അന്വേഷണമാരംഭിച്ചു. കഴിഞ്ഞദിവസം പിടിയിലായ കഞ്ചാവ് കേസിലെ അഞ്ച് പ്രതികളുടെയും മൊബൈൽഫോൺ തന്റെ പക്കലുണ്ടെന്നും ഇവരല്ല മെസേജ് അയച്ചതെന്നും സി.ഐ ‘മാധ്യമ’ത്തോട് പറഞ്ഞു. സി.ഐ ഇത് സംബന്ധിച്ച സ്ക്രീൻഷോട്ട് സൈബർ സെല്ലിന് നൽകിയിരുന്നു.
ഭാര്യയുടെ മൊബൈൽഫോണിൽ അജിത്തിന്റെ ഫേസ്ബുക്ക് ലോഗിൻ ചെയ്ത നിലയിലായിരുന്നു. ഇതിനിടെ കഞ്ചാവ് കേസിൽ പിടിയിലായ പ്രതികളുടെ ദൃശ്യങ്ങൾ ഉപയോഗിച്ച് വിഡിയോ തയാറാക്കി പൊലീസിനെ വെല്ലുവിളിക്കുന്ന തരത്തിലും സമൂഹത്തിന് തെറ്റായ സന്ദേശം നൽകിയും ഇവരുടെ സുഹൃത്തുക്കൾ വ്യാപകമായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.