കശുവണ്ടി മേഖല: പ്രശ്നങ്ങൾ പഠിക്കാൻ അഞ്ചംഗ സമിതി -മന്ത്രി രാജീവ്

ഇരവിപുരം: കശുവണ്ടി മേഖലയിലെ പ്രശ്നങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി അഞ്ചംഗ സമിതി രൂപവത്കരിക്കാൻ നടപടി സ്വീകരിച്ചതായി മന്ത്രി പി. രാജീവ് പറഞ്ഞു. കശുവണ്ടി വികസന കോർപറേഷന്‍റെ ഉൽപന്നങ്ങൾ വിറ്റഴിക്കുന്നതിനായി പുറത്തിറക്കിയ വാഹനത്തിന്‍റെ ഫ്ലാഗ് ഓഫ്, തൊഴിലാളികൾക്ക് ചികിത്സാസഹായം നൽകുന്ന കനിവ് പദ്ധതി, കൺസ്യൂമർ ഫെഡുമായി ധാരണപത്രം ഒപ്പിടൽ എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കശുവണ്ടി മേഖലയിലെ ആധുനീകരണമാണ് സർക്കാർ ലക്ഷ്യമിടുന്നത്. അടച്ചുപൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറികൾക്കായി 30 കോടി ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. കോർപറേഷനെ അടിമുടി പ്രഫഷനലാക്കി മാറ്റുകയാണ് ലക്ഷ്യം. നിശ്ചയിച്ച സമയത്തിനു മുമ്പ് ഓണക്കിറ്റിലേക്ക് ആവശ്യമായ പരിപ്പ് പാക്ക് ചെയ്തുകൊടുത്ത കോർപറേഷനെയും തൊഴിലാളികളെയും മന്ത്രി അഭിനന്ദിച്ചു. ഓണക്കാലത്ത് കശുവണ്ടി, കയർ, കൈത്തറി മേഖലകളിലെ ഉൽപന്നങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് 3000 രൂപയുടെ സാധനങ്ങൾ 2000 രൂപക്ക്​ നൽകുന്ന കോമ്പോ 22ന് വിപണിയിലിറക്കുമെന്നും അദ്ദേഹം പറഞ്ഞു. കോർപറേഷൻ ചെയർമാൻ എസ്. ജയമോഹൻ അധ്യക്ഷതവഹിച്ചു. വ്യവസായി മെഡിസിറ്റി അബ്ദുൽ സലാമിന് ഉൽപന്നങ്ങൾ കൈമാറി മന്ത്രി ആദ്യവിൽപന നിർവഹിച്ചു. കോർപറേഷൻ എം.ഡി രാജേഷ് രാമകൃഷ്ണൻ, കാപെക്സ് ചെയർമാൻ ശിവശങ്കരപ്പിള്ള, കശുവണ്ടി തൊഴിലാളി ആശ്വാസക്ഷേമ ബോർഡ് ചെയർമാൻ കെ. സുഭഗൻ, അയത്തിൽ സോമൻ, കെ.പി. കുറുപ്പ്, കൺസ്യൂമർ ഫെഡ് എം.ഡി.എച്ച്. സലിം, ജി. ബാബു, ടി.എ. രാജേന്ദ്രൻ, അനിൽകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.