കരുനാഗപ്പള്ളിയിൽ യുവാവിനെ ആളുമാറി കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ പ്രതികൾ

കാമുകിയെ ഫോൺവിളിച്ചയാളെ തേടി കാമുകന്‍റെ കൊലവിളി; യുവാവിനെ ആളുമാറി കുത്തിക്കൊല്ലാൻ ശ്രമം, ഒമ്പതുപേർ അറസ്റ്റിൽ

കരുനാഗപ്പള്ളി: തന്‍റെ കാമുകിയെ ​േഫാൺ വിളിച്ചയാളെ തേടി കാമുകന്‍റെ നേതൃത്വത്തിൽ നഗരമധ്യത്തിൽ കൊലവിളി. യുവാവിനെ സംഘം ആളുമാറി കൊല്ലാൻ ശ്രമിച്ചു. 10 അംഗ അക്രമിസംഘത്തിലെ 9 പേരെ മണിക്കൂറുകൾക്കുള്ളിൽ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു.

കരുനാഗപ്പള്ളി കുലശേഖരപുരം കനോസ് സ്കൂളിനു സമീപം മെഹ്റാം മൻസിലിൽ ബിലാൽ (26)നെയാണ്​ കൊല്ലാൻ ശ്രമിച്ചത്​. ചൊവ്വാഴ്​ച രാത്രി 8.30ന്​ കരുനാഗപ്പള്ളി ജങ്​ഷനിൽ എസ്.ബി.എം ഹോസ്പിറ്റലിന് എതിർവശത്തായിരുന്നു സംഭവം. നെഞ്ചിലും തുടയിലും തലയിലും കഠാര കൊണ്ട് കുത്തേറ്റ ബിലാൽ ചികിത്സയിലാണ്​.

അക്രമിസംഘത്തിലെ കരുനാഗപ്പള്ളി കോഴിക്കോട് പുതുക്കാട്ട് വടക്കതിൽ അസ്​ലം (24), കോഴിക്കോട് പീടികയിൽ വീട്ടിൽ സുഹൈൽ (23), മരുതൂർകുളങ്ങര തെക്ക് കോട്ടതറയിൽ ഹിലാൽ (21), മരുതൂർകുളങ്ങര തെക്ക് കണിയാമ്പറമ്പിൽ മുഹമ്മദ് ഉനൈസ് (21), മരുതൂർകുളങ്ങര തെക്ക് മാൻനിന്ന വടക്കതിൽ കൊച്ച്‌ അൽത്താഫ് എന്നു വിളിക്കുന്ന അൽത്താഫ് ( 21 ) കോഴിക്കോട് തട്ടേത്ത് വീട്ടിൽ സച്ചു എന്നു വിളിക്കുന്ന അഖിൽ (23), കോഴിക്കോട് തട്ടേത്ത് വീട്ടിൽ അച്ചു എന്നു വിളിക്കുന്ന രാഹുൽ (28), മരുതൂർകുളങ്ങര തെക്ക് പുതുമംഗലത്ത് വീട്ടിൽ അരുൺ (19), മരുതൂർകുളങ്ങര തെക്ക് കന്നേലിൽ വീട്ടിൽ അഖിൽ (19) എന്നിവരെയാണ് അറസ്റ്റ് ചെയ്യത്.

സംഭവത്തെ കുറിച്ച്​ പൊലീസ് പറയുന്നത് ഇങ്ങനെ:

അക്രമി സംഘത്തിലെ രണ്ടാം പ്രതിയായ സുഹൈൽ എന്നയാളുടെ കാമുകിയെ കരുനാഗപ്പള്ളി പുള്ളിമാൻ ജംഗ്ഷനിലുള്ള ഹഫീസ് എന്നയാൾ ഫോൺ ചെയ്തിരുന്നുവത്രെ. ഇതിന്‍റെ വിരോധം തീർക്കാൻ ഹഫീസിനെ അക്രമിക്കുന്നതിന് സുഹൈൽ തന്‍റെ കൂട്ടാളികളായ പത്തംഗ സംഘവുമായി കരുനാഗപ്പള്ളി ടൗണിൽ എത്തി. കോളജ് ഓഫ് ഇംഗ്ലീഷ് ടൂട്ടോറിയലിലേക്കു പോകുന്ന വഴിയുടെ സമീപം കഠാര, ക്രിക്കറ്റ് സ്റ്റംപ്​, ഇരുമ്പ് പൈപ്പ് എന്നിവയുമായാണ്​ സംഘം കാത്തു നിന്നത്​. ഈ സമയത്ത്​​ ബിലാൽ തന്‍റെ സുഹൃത്തുക്കളായ അഫ്സൽ, അലി എന്നിവരുമൊത്ത് കരുനാഗപ്പള്ളി ടൗണിലെ ഒരു ഹോട്ടലിൽനിന്ന്​ ഭക്ഷണം കഴിച്ചു ബൈക്കിൽ ഇതുവഴി വരികയായിരുന്നു. ഹഫീസാണെന്നു തെറ്റിദ്ധരിച്ച് അക്രമി സംഘം ബിലാലിന്‍റെ ബൈക്ക് തടഞ്ഞുനിർത്തി ആക്രമണം തുടങ്ങി. വലതുതുടക്കും നെഞ്ചിനും തലക്കും കുത്തേറ്റ ബിലാൽ ബോധരഹിതനായി വീണു. കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കളേയും അക്രമിസംഘം പരിക്കേൽപ്പിച്ചു.

സംഭവശേഷം അക്രമികൾ വാഹനത്തിൽ രക്ഷപ്പെട്ടു. റോഡിൽ ചോരയിൽ കുളിച്ചുകിടന്ന ബിലാലിനെ പൊലീസ് കൺട്രോൾ റൂം വാഹനത്തിലാണ് ആദ്യം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയത്. മാരകപരിക്കേറ്റ ബിലാൽ ഇപ്പോഴും തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്.

കൊല്ലം സിറ്റി പോലീസ് മേധാവി ടി. നാരായണന്​ ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ്​ പ്രതികളെ വലയിലാക്കിയത്. സംഭവശേഷം പ്രതികൾ കായംകുളം, ശാസ്താംകോട്ട, മയ്യനാട് എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. കരുനാഗപ്പള്ളി എ.സി.പി ഷൈനു തോമസിന്‍റെ നിർദ്ദേശപ്രകാരം സി.ഐ ജി. ഗോപകുമാറിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ ജയശങ്കർ, വിനോദ്, ധന്യ, അലോഷ്യസ് അലക്സാണ്ടർ, രാജേന്ദ്രൻ, എ.എസ്.ഐമാരായ ഷാജിമോൻ, ശ്രീകുമാർ നന്ദകുമാർ, സി.പി.ഒമാരായ ശ്രീജിത്ത്, അരുൺ എന്നിവരടങ്ങിയ സംഘമാണ് ഇവരെ വിവിധ ഇടങ്ങളിൽ അറസ്റ്റ് ചെയ്തത്. ഒളിവിൽ കഴിയുന്ന ഒരാൾക്കായി അന്വേഷണം വ്യാപകമാക്കി.

പ്രതികളിൽ ഹിലാൽ (21) നേരത്തെ മോഷണം, അടിപിടി എന്നീ കേസുകളിൽ പ്രതിയാണ്. അറസ്റ്റിലായവരെ കോടതി റിമാൻഡ് ചെയ്തു.

Tags:    
News Summary - Nine arrested for attempt to murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.