അടിപ്പാതയിൽ അനധികൃത പാർക്കിങ്; ഗതാഗതക്കുരുക്ക് രൂക്ഷം

കരുനാഗപ്പള്ളി: ചവറ കെ.എം.എം.എൽ കമ്പനിക്ക് മുന്നിലെ അടിപ്പാതയിലെ അനധികൃത പാർക്കിങ് രൂക്ഷമായ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നു. ദേശീയപാതയിൽ നിന്നും തിരക്കേറിയ ചവറ- ശാസ്താംകോട്ട പാതയിലേക്ക് തിരിയുന്ന അടുത്തിടെ തുറന്ന അടിപ്പാതയിലാണ് അനധികൃത വാഹന പാർക്കിങ് കാരണം ജനം ദുരിതത്തിലാകുന്നത്.

കൊല്ലം ഭാഗത്തുനിന്ന് ശാസ്താംകോട്ട റോഡിലേക്ക് തിരിയേണ്ട വാഹനങ്ങളും ശാസ്താംകോട്ട ഭാഗത്തുനിന്നും ദേശീയപാതവഴി കരുനാഗപ്പള്ളിയിലേക്ക് പോകേണ്ട വാഹനങ്ങൾക്കും തടസം സൃഷ്ടിക്കുന്ന രീതിയിലാണ് ഇവിടെ ഇരുചക്രവാഹനങ്ങളും കാറുകളും പാർക്ക് ചെയ്യുന്നത്.

'മാധ്യമം' വാർത്തയെ തുടർന്നാണ് ഒരു വർഷമായി അടഞ്ഞുകിടന്ന അടിപ്പാത ഇക്കഴിഞ്ഞ 17 ന് യാത്രക്കാർക്കായി അധികൃതർ തുറന്നുകൊടുത്തത്. കെ.എം.എം.എൽ ജങ്ക്ഷനിൽ വാഹനം ഇറങ്ങി ശാസ്താംകോട്ട റോഡിലേക്ക് നടന്നുവരുന്നവർ സ്ഥിരമായി മറ്റു വാഹനങ്ങൾക്കിടയിൽപെട്ട് അപകടം ഉണ്ടാകാൻ ഇടയാക്കുന്ന രീതിയിലാണ് അടിപ്പാതക്ക് അടിയിൽ വാഹനങ്ങൾ ഇരുവശവും തലങ്ങുംവിലങ്ങും പാർക്ക് ചെയ്തിരിക്കുന്നത്. നൂറുകണക്കിന് സ്‌കൂൾ കോളജ് വിദ്യാർഥികളും രോഗികളും വൃദ്ധരും ഈ അടിപ്പാതയിലൂടെയാണ് ദേശീയപാത വഴിയുള്ള വാഹനങ്ങൾക്കായി മറികടന്ന് എത്തുന്നത്.

അടിപ്പാത അടച്ചിട്ടിരുന്ന സമയത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ നീക്കംചെയ്യാത്തതിനാലാണ് അടിപ്പാത തുറന്നുനൽകിയിട്ടും ജനം ബുദ്ധിമുട്ടുന്നത്.ചവറ പൊലീസും ദേശീയപാത അധികൃതരും സത്വര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സന്നദ്ധ സംഘടനകൾ പരാതി നൽകിയിട്ടുണ്ട്.

Tags:    
News Summary - Illegal parking on the underpass; severe traffic congestion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.