സ്വത്ത് തട്ടിയെടുത്തെന്നാരോപിച്ച് സോജിത്ത് സ്വകാര്യ ബസിൽ സമരം നടത്തുന്നു

സ്വത്ത് തട്ടിയെടുത്തെന്നാരോപിച്ച് സ്വകാര്യ ബസിൽ സമരവുമായി കിടപ്പുരോഗിയും കുടുംബവും

അഞ്ചൽ: തന്‍റെ പേരിലുണ്ടായിരുന്ന വസ്തുവും പണവും കള്ളരേഖയുണ്ടാക്കി തട്ടിയെടുത്തെന്നാരോപിച്ച് കിടപ്പുരോഗിയും കുടുംബവും സർവിസ് നടത്തുകയായിരുന്ന സ്വകാര്യ ബസിനുള്ളിൽ കയറി സമരം നടത്തി. അഞ്ചൽ നെടിയറ സോജിത് ഭവനിൽ സോജിത്തും (40) കുടുംബവുമാണ് സമരം ആരംഭിച്ചത്.

2007ൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് സോജിത്ത് അരക്കുതാഴെ തളർന്ന് കിടപ്പാണ്. സോജിത്തിന്റെ പേരിൽ തമിഴ്നാട്ടിൽ ഉണ്ടായിരുന്ന രണ്ടര ഏക്കറോളം ഭൂമി കടയ്ക്കൽ സ്വദേശിയായ സ്വകാര്യ ബസ് ഉടമക്ക് 26 ലക്ഷം രൂപക്ക് വിറ്റു. പരസ്പര സമ്മതപ്രകാരം 20 ലക്ഷം രൂപ ആദ്യം നൽകുകയും ബാക്കി തുക ലോണെടുത്ത് നൽകാമെന്ന് പറഞ്ഞുമാണ് വസ്തു ബസ് ഉടമ സ്വന്തം പേരിൽ എഴുതി വാങ്ങിയതത്രെ.

പിന്നീട് പർച്ചേസിങ് ലോണായതുകൊണ്ട് മിഷണറി വാങ്ങാനെന്ന് പറഞ്ഞ് 100 രൂപയുടെ മുദ്രപ്പത്രത്തിൽ കരാറെഴുതി നൽകി ആദ്യം നൽകിയ 20 ലക്ഷം രൂപ തിരികെ വാങ്ങിയതായി സോജിത്ത് പറയുന്നു. ഇടപാട് നടന്ന് ഒന്നര വർഷം കഴിഞ്ഞിട്ടും വസ്തുവോ പണമോ നൽകാൻ ബസ് ഉടമയായ കോട്ടുക്കൽ സ്വദേശി കൂട്ടാക്കിയില്ലെന്നാണ് പരാതി.

പൊതുപ്രവർത്തകരും പൊലീസും ഇടപെട്ട് നടത്തിയ ഒത്തുതീർപ്പ് ചർച്ചകളിൽ പണം കൊടുക്കാമെന്ന് പറഞ്ഞ അവധികൾ കഴിഞ്ഞു. ഇതോടെ നാട്ടുകാരുടെ സഹായത്തോടെ ബുധനാഴ്ച രാവിലെ ബസ് തടഞ്ഞുനിർത്തി സോജിത്തും ഭാര്യയും 15 ഉം മൂന്നും വയസ്സുള്ള കുട്ടികളും ബസിൽ കയറിക്കിടന്ന് സമരം ചെയ്യുകയായിരുന്നു. അഞ്ചൽ പൊലീസ് വാഹനമുൾപ്പെടെ എല്ലാവരെയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പൊലീസും പൊതുപ്രവർത്തകരും ചേർന്ന് ബസ് ഉടമയുമായി ചർച്ച നടത്തി പ്രശ്നം പരിഹരിക്കാൻ ശ്രമം ആരംഭിച്ചു.

Tags:    
News Summary - patient and family on strike in private bus over property theft

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.