അഞ്ചൽ: കാർഷിക വിളകൾക്ക് ഇടനിലക്കാരുടെ ചൂഷണത്തിൽനിന്ന് മോചനം നേടി, അർഹമായ വിലനൽകി കർഷകരുടെ താങ്ങും തണലുമാകുകയാണ് ഏറം കാർഷിക വിപണി. അഞ്ചൽ ഏറം വെജിറ്റബിൾ ആൻറ് ഫ്രൂട്സ് പ്രമോഷൻ കൗൺസിൽ കേരളയുടെ നിയന്ത്രണത്തിലാണ് വിപണിയുടെ പ്രവർത്തനം.
ജൈവ രീതിയിൽ ഉൽപാദിപ്പിക്കുന്ന പഴത്തിനും പച്ചക്കറിക്കും വേണ്ടി ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽനിന്നും വ്യാപാരികൾ ഇവിടെയെത്തുന്നുണ്ട്. ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് അംഗീകൃത വിപണി എങ്കിലും എല്ലാദിവസവും വ്യാപാരം നടക്കുന്നുണ്ട്. പ്രവർത്തനമേന്മ വിലയിരുത്തി വിപണിക്ക് വിഷുസമ്മാനമായി അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് തേൻ സംസ്കരണ യൂനിറ്റ് അനുവദിച്ചു. 32 ലക്ഷം രൂപയുടെ അടങ്കലിന്‍റെ 50 ശതമാനം വിപണിയുടെ തനത് ഫണ്ടാണ് വിനിയോഗിക്കുന്നത്.
വിപണിയുടെ 2021-22 വർഷത്തെ വിറ്റുവരവ് 4,31,0000 രൂപയാണ്. 1193.5 മെട്രിക് ടൺ കാർഷികോൽപന്നങ്ങൾ ഇവിടെ വിപണനം നടത്തി കൊല്ലം ജില്ലയിൽ ഒന്നാം സ്ഥാനം നേടി. വാഴക്കുലകളാണ് കൂടുതൽ വിപണനം ചെയ്യുന്നത്. കേരളത്തിൽ വിളയുന്ന മിക്കയിനം പച്ചക്കറികളും ഇവിടെ വിപണനം ചെയ്യുന്നു.
ഇടമുളക്കൽ, അഞ്ചൽ, കരവാളൂർ പഞ്ചായത്തുകളിലെ 35 കർഷക സ്വാശ്രയ ഗ്രൂപ്പുകളിലെ കർഷകരുെടയും അതിലേറെ നവാഗത കർഷകരുടെയും വിളകൾ ഈ വിപണിവഴി വിറ്റഴിക്കപ്പെടുന്നു. വിഷു മാർക്കറ്റ് മുന്നിൽ കണ്ട് കണിവെള്ളരി വിളവിറക്കിയ കർഷകർക്ക് നിരാശപ്പെടേണ്ടി വന്നില്ല. 40 ടൺ വെള്ളരിയാണ് തലസ്ഥാന ജില്ലയിലെ വ്യാപാരികൾ എത്തി ശേഖരിച്ചത്. കൂടാതെ റെഡ് ലേഡി പപ്പായ അടുത്തകാലത്തായി വിപണിയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. വിപണനസാധ്യതയും വിലസ്ഥിരതയും കാരണം നിരവധി കർഷകർ ഇപ്പോൾ റെഡ് ലേഡി പപ്പായകൃഷിക്ക് മുൻതൂക്കം നൽകുന്നു.
കർഷകരിൽനിന്ന് ശേഖരിക്കുന്ന ഉൽപന്നങ്ങൾ കർഷകർക്ക് നൽകുന്ന അതേ വിലക്ക് തന്നെയാണ് വിപണനവും എന്നതാണ് ഇവിടത്തെ പ്രത്യേകത. നിരവധി തവണ സംസ്ഥാന, ജില്ല തലങ്ങളിൽ മികച്ച പ്രവർത്തനത്തിനുള്ള അവാർഡുകൾ ഈ വിപണിക്ക് കിട്ടിയിട്ടുണ്ട്. കർഷകർക്ക് അഞ്ചുശതമാനം ബോണസ് നൽകുന്ന വിപണിയും ഇത് തന്നെയാണ്. കൃഷിഭവനുകൾ വഴി സർക്കാർ നടപ്പാക്കുന്ന പദ്ധതികൾക്കായി നടീൽ വസ്തുക്കളുടെ കിറ്റുകൾ ഗുണേമന്മയോടെ തയാറാക്കി നൽകുന്ന പ്രവർത്തനവും അടുത്തിടെ ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.