കാണാതായ കൊല്ലം അഞ്ചൽ തടിക്കാട് കാത്തിരത്തറ ചണ്ണക്കാപൊയ്കയിൽ അൻസാരി-ഫാത്തിമ ദമ്പതികളുടെ മകൻ മുഹമ്മദ് അഫ്രാനെ കണ്ടെത്തിയപ്പോൾ

കുട്ടിയുടെ തിരോധാനം: അന്വേഷണം ആരംഭിച്ചു

അഞ്ചൽ: തടിക്കാട്ടിൽ വീട്ടുമുറ്റത്തുനിന്നും കുട്ടിയെ കാണാതാകുകയും ഒരു രാത്രിക്കു ശേഷം കണ്ടെത്തുകയും ചെയ്ത സംഭവത്തിൽ അഞ്ചൽ ഇൻസ്പെക്ടർ കെ.ജി. ഗോപകുമാറിന്‍റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

അതേസമയം, സംഭവത്തിൽ രാഷ്ട്രീയക്കളിയും സജീവമായി. വിഷയത്തിൽ ഭരണമുന്നണിയിലെ രണ്ടു പ്രധാന പാർട്ടികൾ തമ്മിൽ സമൂഹമാധ്യമങ്ങൾ വഴി പരസ്പരം പോരടിക്കുന്നനിലയിലാണ്. കുട്ടിയെ ആദ്യം കണ്ടെത്തിയ ആൾ ഒരു പാർട്ടിയുടെ ബ്രാഞ്ച് കമ്മിറ്റിയംഗമാണ്.

അദ്ദേഹത്തിനെ ആ പാർട്ടി അഭിനന്ദിക്കുമ്പോൾ എതിർ പാർട്ടിക്കാർ സംശയത്തിന്‍റെ കുന്തമുന അദ്ദേഹത്തിനു നേരേ നീട്ടിയിരിക്കുകയാണ്. വേദനജനകമായ സംഭവത്തിലും രാഷ്ട്രീയം കലർത്തുന്നതിനെതിരെ നാട്ടുകാർക്ക് അമർഷമുണ്ട്. സംഭവത്തിന്‍റെ ദുരൂഹത മാറ്റണമെന്നും പൊലീസ് സമഗ്ര അന്വേഷണം നടത്തണമെന്നും സി.പി.എം അറയ്ക്കൽ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.

അതിനിടെ തടിക്കാട് ചണ്ണക്കാപൊയ്ക കൊടിഞ്ഞിമൂല പുത്തൻവീട്ടിൽ മുഹമ്മദ് അഫ്രാൻ (രണ്ട്) വീട്ടിൽ തിരിച്ചെത്തി. പുനലൂർ താലൂക്കാശുപത്രിയിൽ പ്രത്യേക നിരീക്ഷണത്തിൽ കഴിയുകയായിരുന്ന കുട്ടിയെ മാതാപിതാക്കളായ അൻസാരിയും ഫാത്തിമയും മറ്റു ബന്ധുക്കളും ചേർന്ന് ഞായറാഴ്ച രാത്രി ഏഴരയോടെയാണ് തടിക്കാട് ചണ്ണക്കാപൊയ്കയിലുള്ള വീട്ടിലെത്തിച്ചത്. പരിസരവാസികളുൾപ്പെടെ നിരവധിയാളുകൾ കുട്ടിയെ കാണാൻ വീട്ടിലെത്തിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.