യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിലെ പ്രതികൾ
അഞ്ചൽ: കഞ്ചാവ് കച്ചവടം നടത്തുന്നെന്നാരോപിച്ച് യുവാവിനെ ക്രൂരമായി മർദിച്ച ആറംഗസംഘത്തിലെ നാലു പേരെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. കരുകോൺ കുട്ടിനാട് പുളിഞ്ചി ചരുവിള വീട്ടിൽ മോഹനൻ (41), കരുകോൺ നിഷ ഭവനിൽ നിഷാന്ത് (31), കുട്ടിനാട് ദീപാഭവനിൽ ദിനേശ് (27), സി.പി.എം ബ്രാഞ്ച് സെക്രട്ടി പുളിഞ്ചിക്കോണം ചരുവിള വീട്ടിൽ ഗോപകുമാർ (32) എന്നിവരാണ് അറസ്റ്റിലായത്.
കരുകോൺ കുട്ടിനാട് പ്ലാവിള പുത്തൻവീട്ടിൽ ആഷിഷ് (37)നാണ് മർദനമേറ്റത്. ശനിയാഴ്ച രാത്രി പന്ത്രണ്ടോടെയായിരുന്നു സംഭവം. വീട്ടിൽ നിന്ന് പുറത്തിറങ്ങിയ ആഷിഷിനെ ഇരുട്ടിൽ നിന്ന ആറംഗ സംഘം പിടികൂടി വായിൽ ഇല തിരുകിയ ശേഷം റബർ മരത്തിൽ കെട്ടിയിട്ട് അതിക്രൂരമായി മർദിച്ചു. നിലവിളി കേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും അക്രമികൾ ഓടിരക്ഷപ്പെട്ടു.
മുതുകത്തും കാലിലും കൈകളിലും അടികൊണ്ട് പൊട്ടിയ ആഷിഷിനെ അഞ്ചലിലെ സർക്കാർആശുപത്രിയിലും പിന്നീട് പുനലൂർ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അഞ്ചൽ പൊലീസ് ഇൻസ്പെക്ടർ കെ. ജി. ഗോപകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളിൽ നാലുപേരെ കുട്ടിനാട് നിന്ന് പിടികൂടിയത്. രണ്ടുപേർ ഒളിവിലാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.