അഞ്ചൽ: സഹപാഠിയെ പ്രണയിച്ചെന്നാരോപിച്ച് പതിനാറുകാരനെ ബലം പ്രയോഗിച്ച് മദ്യം കുടിപ്പിക്കുകയും കഴുത്തിൽ വടിവാൾ വെച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ ഏരൂർ പൊലീസ് അറസ്റ്റ് ചെയ്തു.
ഏരൂർ ഇളവറാംകുഴി ബിന്ദുവിലാസത്തിൽ പ്രവീൺ (31), വിളക്കുപാറ ബിനു വിലാസത്തിൽ ബിനു (42) എന്നിരെയാണ് എസ്.ഐ ശരലാലിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇരുവരും പെൺകുട്ടിയുടെ അകന്ന ബന്ധുക്കളാണ്.
പൊലീസ് പറയുന്നത്: കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. വിദ്യാർഥിയായ പതിനാറുകാരനെ വിളക്കുപാറയിൽ നിന്ന് ബൈക്കിൽ കയറ്റിയ പ്രവീൺ, ബിവറേജ് ഔട്ട്ലറ്റിന് സമീപത്ത് മദ്യവുമായി കാത്തുനിന്ന ബിനുവിനെയും കയറ്റി ആളൊഴിഞ്ഞ എണ്ണപ്പനത്തോട്ടത്തിൽ കൊണ്ടുപോയി. ഇരുവരും ചേർന്ന് ബലമായി വായിലേക്ക് മദ്യം ഒഴിച്ച് കുടിപ്പിച്ചു. തുടർന്ന്, പ്രവീൺ വിദ്യാർഥിയെ കഴുത്തിൽ വടിവാൾ വെച്ച്കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. ഇതിനുശേഷം ഇരുവരും ചേർന്ന് വിദ്യാർഥിയെ വീടിനു സമീപമെത്തിച്ച് കടന്നു.
അവശനായ വിദ്യാർഥിയോട് മാതാപിതാക്കളും നാട്ടുകാരും വിവരം തിരക്കിയപ്പോൾ മദ്യം കുടിപ്പിച്ചതും ഭീഷണിപ്പെടുത്തിയതും പറഞ്ഞു. മാതാപിതാക്കൾ ഏരൂർ പൊലീസിൽ പരാതി നൽകി. പ്രാഥമിക ചികിത്സയും ലഭ്യമാക്കി. പൊലീസ് അന്വേഷണത്തിൽ വിളക്കുപാറ ഭാഗത്തുനിന്ന് പ്രതികളെ പിടികൂടുകയായിരുന്നു. അറസ്റ്റിലായ പ്രവീൺ അബ്കാരി കേസുകളിലും ക്രിമിനൽ കേസുകളിലും പ്രതിയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.