കണികാണാൻ കണിവെള്ളരിയും മത്തനും അതിർത്തി കടന്നെത്തി

പുനലൂർ: മലയാളിയുടെ കാർഷിക ഉത്സവമായ മേടവിഷുവിന് കണിയൊരുക്കാൻ കണിവെള്ളരിയും മത്തങ്ങ‍യും അതിർത്തിക്കപ്പുറത്തുനിന്ന്​. മത്തങ്ങ കർണാടകയിലെ കൃഷിയിടങ്ങളിൽ നിന്നും വെള്ളരി തമിഴ്പാടങ്ങളിൽ നിന്നുമാണ് എത്തിക്കുന്നത്. കഴിഞ്ഞ രണ്ടുവർഷം കോവിഡ് നിയന്ത്രണങ്ങളാൽ വിഷു ഒരുക്കലും ആഘോഷവുമെല്ലാം ചടങ്ങിലൊതുങ്ങി. ഇതുകാരണം വിപണിയും കാര്യമായുണ്ടായിരുന്നില്ല. ഇത്തവണ നിയന്ത്രണങ്ങളെല്ലാം നീങ്ങിയതോടെ വലിയ ആവേശത്തോടെയാണ്​ എല്ലായിടത്തും വിഷു ക്കാഴ്ച ഒരുക്കുന്നത്. ഓണക്കാലത്തെ പച്ചക്കറി കൃഷി വിളവെടുപ്പിനു ശേഷം വിഷു വിപണിക്കായി വെള്ളരിയും മത്തങ്ങയും പ്രത്യേകം കൃഷി ചെയ്​തെടുക്കുകയാണ്. വെള്ളരി മൂന്ന്​ തരമുള്ളതിൽ വലിയ വലിപ്പമില്ലാത്ത ഇനമാണ് കണിയൊരുക്കാനെടുക്കുന്നത്. തമിഴ്നാട്ടിലെ പ്രധാന പച്ചക്കറി മാർക്കറ്റുകളായ സുരണ്ട, ആലംകുളം, പാവൂർസത്രം എന്നിവിടങ്ങളിൽ നിന്നും ഒരാഴ്ച മുമ്പേ കണിവെള്ളരി ലോഡ് കണക്കിന് വിപണികളിലേക്ക് എത്തിച്ചുകഴിഞ്ഞു. മത്തങ്ങ കർണാടകയിൽ നിന്ന്​ നേരിട്ടും തമിഴ്നാട് വിപണികൾ മുഖാന്തരവുമാണ് എത്തിച്ചത്. കാലാവസ്ഥ അനുകൂലമായതിനാൽ മത്തങ്ങ, വെള്ളരിയടക്കം കാഴ്ച ഒരുക്കാൻ ആവശ്യമായി കാർഷിക വിളകൾക്ക് ഇത്തവണ കാര്യമായ ക്ഷാമമില്ല. കണിമത്തങ്ങ കിലോക്ക് 30 രൂപക്ക് മുകളിൽ മൊത്ത വിലയാകുമ്പോൾ വെള്ളരി 20ന് മുകളിലാണ് വില. അടുത്തകാലങ്ങളിലായി തമിഴ്നാട്ടിൽ നിന്നുള്ള കരിമ്പും കണിയൊരുക്കാൻ എത്തിക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.