ബാറ്ററി സ്വാപിങ്​ കേന്ദ്രവും ചാർജിങ്​ സൗകര്യവും വിപുലീകരിക്കും -മന്ത്രി ബാലഗോപാല്‍

ചിത്രം- കൊല്ലം: പുതിയ കാലത്തിന്‍റെ ആവശ്യകതയായ വൈദ്യുതി വാഹനങ്ങള്‍ക്കുള്ള പുതിയ ചാര്‍ജിങ്​ കേന്ദ്രവും ആദ്യ ബാറ്ററി സ്വാപിങ്​ സംവിധാനവും ജില്ലയില്‍ ആരംഭിക്കുമെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍. വാളകത്ത് നിർദിഷ്ട പദ്ധതി പ്രദേശം സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. വാളകം മെഴ്‌സി ആശുപത്രിക്ക് സമീപമുള്ള സ്ഥലമാണ് ജില്ലയിലെ ആദ്യ ബാറ്ററി സ്വാപിങ്​ കേന്ദ്രത്തിനായി പരിഗണിക്കുന്നത്. ഇതോടൊപ്പം 33 കെ.വി സബ്‌സ്റ്റേഷന്‍ സ്ഥാപിച്ച് വൈദ്യുതി പ്രശ്‌നങ്ങള്‍ക്കും ശാശ്വത പരിഹാരം കാണാനാകും. ഇതിനുള്ള സാധ്യത പഠനമാണ് നടത്തുന്നത്. കെ.എസ്.ഇ.ബി, കെ.എസ്.ടി.പി എന്നിവയെ പദ്ധതിയുടെ നിര്‍വഹണത്തിനുള്ള സാഹചര്യം പഠനവിധേയമാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ ചുമതലപ്പെടുത്തി. വാളകം ജങ്ഷനില്‍ സ്ഥിരമായി വെള്ളപ്പൊക്കം അനുഭവപ്പെടുന്നതിന് പരിഹാരം കാണുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിർദേശം നല്‍കിയിട്ടുണ്ട്. വാളകം വില്ലേജ് ഓഫിസ് പുതുക്കിപ്പണിയുന്നതിനുള്ള നടപടികളും സ്വീകരിക്കും. പുനലൂര്‍ ആര്‍.ഡി.ഒ ബി. ശശികുമാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന ഭാരവാഹികള്‍, കെ.എസ്.ഇ.ബി, കെ.എസ്.ടി.പി, റവന്യൂ, ഇറിഗേഷന്‍, വാട്ടര്‍ അതോറിറ്റി തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.