വനത്തിൽ ഭൂമിയുള്ളവരുടെ പുനരധിവാസ പദ്ധതി: അശാസ്ത്രീയമായ നിര്‍ദേശത്തിനെതിരെ പ്രതിഷേധം

കുളത്തൂപ്പുഴ: വനത്തിന്​ നടുവിലുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരെ വനത്തിന്​ പുറത്തേക്ക് പുനരധിവസിപ്പിക്കുന്ന പദ്ധതിപ്രകാരം വനംവകുപ്പ് നടപ്പിലാക്കുന്നത് അശാസ്ത്രീയമായ നിര്‍ദേശങ്ങളാണെന്ന ആരോപണവുമായി പ്രദേശവാസികള്‍ രംഗത്ത്. കുളത്തൂപ്പുഴ ഗ്രാമപഞ്ചാത്തിലെ കട്ടിളപ്പാറ, ഡാലിക്കരിക്കം, മൈലമൂട് തുടങ്ങിയ പ്രദേശങ്ങളില്‍ ശെന്തുരുണി വന്യജീവി സങ്കേതത്തിനോട് ചേര്‍ന്നുള്ള വനമേഖലയിലെ താമസക്കാരെ റീബില്‍ഡ് കേരള പ്രൊജക്ടില്‍ ഉള്‍പ്പെടുത്തി പുനരധിവസിപ്പിക്കുന്നതിനാണ് വനം വകുപ്പ് പദ്ധതി തയാറാക്കിയത്. ഇതുപ്രകാരം ഓരോ കുടുംബത്തിനും 15 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാനാണ് തീരുമാനം. കൈവശ ഭൂമിയുടെയോ ദേഹണ്ണത്തിന്‍റെയോ പരിഗണനയില്ലാതെ നടപ്പാക്കുന്ന പദ്ധതി യാഥാര്‍ഥ്യങ്ങള്‍ക്ക്​ നിരക്കുന്നതല്ലെന്നും അശാസ്ത്രീയമാണെന്നുമാണ് പ്രദേശവാസികള്‍ ഉയര്‍ത്തുന്ന ആരോപണം. രണ്ടും മൂന്നും ഏക്കറുകള്‍ ഉള്ളവര്‍ക്കും അഞ്ച്​ സെന്‍റുള്ളവര്‍ക്കും ഒരേ അനുപാതത്തിലാണ് നിലവില്‍ വനം വകുപ്പ് നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുള്ളത്. അതില്‍തന്നെ ഒരു കുടുംബത്തില്‍ പതിനെട്ട്​ വയസ്സ്​ പൂര്‍ത്തിയായ ആണ്‍കുട്ടികളുണ്ടെങ്കില്‍ അവരെയും പ്രത്യേക കുടുംബമായി അംഗീകരിച്ച്​ ഇതേ നിരക്കില്‍ നഷ്ടപരിഹാരം നല്‍കുമെന്നുമാണ് വകുപ്പ് പറയുന്നത്. ഇത്തരത്തില്‍ പത്തും പതിനഞ്ചും സെന്‍റുള്ളവരില്‍ പലരും മൂന്നും നാലും കുടുംബങ്ങളുടെ നഷ്ടപരിഹാരം ഒന്നിച്ചുവാങ്ങി പ്രദേശം വിട്ടുപോവുകയും ചെയ്തു. എന്നാല്‍ രണ്ടും മൂന്നും ഏക്കര്‍ വീതം കൃഷിഭൂമിയുള്ള കുടുംബത്തിനും ഇതേ തുക മാത്രമേ നല്‍കുകയുള്ളൂവെന്നാണ് അധികൃതര്‍ പറയുന്നത്. കൂടാതെ, ഭാര്യക്കും ഭര്‍ത്താവിനും രണ്ട്​ പ്രമാണങ്ങളും രണ്ട്​ തണ്ടപ്പേരുകളിലുമായി വെവ്വേറ ഭൂമിയും കൃഷികളും ഉണ്ടെങ്കിലും ഒരേ റേഷന്‍ കാര്‍ഡായതിനാല്‍ ഒരു കുടുംബമായി മാത്രമേ പരിഗണിക്കുകയുള്ളൂ. ഇത്തരത്തില്‍ ഏക്കറുകള്‍ വസ്തുവുള്ളവര്‍ക്കും പത്തു സെന്‍റ്​ മാത്രമുള്ളവന്‍റെ പരിഗയണനയേ നല്‍കുകയുള്ളൂവെന്ന നിലപാടിനെതിരെയാണ് പ്രദേശവാസികള്‍ പ്രതിഷേധമുയര്‍ത്തിയിരിക്കുന്നത്. വനത്തിന്​ നടുവില്‍ ഏക്കറുകളായ പട്ടയ ഭൂമിയില്‍ നാലും അഞ്ചും പതിറ്റാണ്ടായി അധ്വാനിച്ചുണ്ടാക്കിയതിനൊന്നും ഒരു പരിഗണനയും കല്‍പ്പിക്കാതെ ഒഴിയണമെന്നാവശ്യപ്പെടുന്ന വനം വകുപ്പ് നിലപാടിനെതിരെ പ്രതിഷേധമുയര്‍ന്നതോടെ കഴിഞ്ഞദിവസം വനം വകുപ്പ് ചീഫ് കണ്‍സര്‍വേറ്ററുടെ നേതൃത്വത്തില്‍ കുളത്തൂപ്പുഴയിലെ ഒഴിപ്പിക്കപ്പെടുന്ന സ്ഥലങ്ങളില്‍ ഉദ്യോഗസ്ഥസംഘം സന്ദര്‍ശനം നടത്തിയിരുന്നു. ഇതിനിടെ, സ്വയം സന്നദ്ധ ഒഴിഞ്ഞുപോകല്‍ പദ്ധതി പ്രകാരം താൽപര്യമുള്ളവര്‍ മാത്രം നഷ്ടപരിഹാരം വാങ്ങി ഒഴിഞ്ഞാല്‍ മതിയെന്നും മറ്റുള്ളവര്‍ക്ക് അവിടെ തുടരാമെന്നുമുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിസ്സംഗ നിലപാടിനുപിന്നില്‍ പ്രതിഷേധമുയര്‍ത്തുന്നവരെ വനത്തിന്​ നടുവില്‍ ഒറ്റക്കാക്കി ഭാവിയില്‍ കാട്ടുമൃഗങ്ങളുടെ ശല്യം സഹിക്കാതെ ഇവര്‍ സ്വയം ഒഴിഞ്ഞു പോകുമെന്ന ധാരണയിലാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.