എഫ്​.സി.ഐ: പ്രതിസന്ധിക്ക്​ പരിഹാരമായില്ല

കൊല്ലം: എഫ്.സി.ഐ ഗോഡൗണിൽ അട്ടിക്കൂലി പ്രശ്നത്തിൽ തുടരുന്ന തൊഴിൽ പ്രതിസന്ധിച്ച്​ പരിഹാരമായില്ല. കടുത്ത നടപടിയെടുക്കുമെന്ന്​ എഫ്​.സി.ഐ അധികൃതർ മുന്നറിയിപ്പ്​ നൽകിയിട്ടും ശനിയാഴ്ചയും തൊഴിലാളികൾ പണിമുടക്കി. അട്ടിക്കൂലിയുടെ പേരിൽ സസ്​പെൻഷനിലായ തൊഴിലാളികളെ തിരിച്ചെടുത്തിട്ടുണ്ട്. എന്നാൽ, അടിസ്ഥാന പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാലാണ്​ തൊഴിലാളികൾ പണിമുടക്ക്​ തുടരുന്നത്​. അതേസമയം, കൊല്ലം ​എഫ്​.സി.ഐ ഗോഡൗണിൽനിന്ന്​ സപ്ലൈകോയുടെ കൊല്ലം, കിളികൊല്ലൂർ, പരവൂർ ഗോഡൗണുകളിലേക്ക്​ ലോഡുകൾ കൊണ്ടുപോകാൻ രാവിലെ എത്തിയ ലോറി ​തൊഴിലാളികൾ ശനിയാഴ്ച പ്രതിഷേധവുമായി രംഗത്തെത്തി. തർക്കം തുടരുന്നത്​ തങ്ങളുടെ നിത്യജീവിതത്തെയും തൊഴിലിനെയും ബാധിച്ചിരിക്കുകയാണെന്ന് അവർ പറഞ്ഞു. കൊല്ലം എഫ്.സി.ഐ ഗോഡൗണിൽനിന്ന് സപ്ലെകോ ഗോഡൗണുകളിലേക്ക് ഭക്ഷ്യധാന്യങ്ങൾ എത്തിക്കുന്ന കരാറുകാരിൽ ഒരാൾ അട്ടിക്കൂലി നൽകാൻ വിസ്സമ്മതിച്ചതാണ് പ്രശ്നങ്ങൾക്ക്​ കാരണമായത്​. ഇദ്ദേഹം ഉൾപ്പെടെ നൽകിയ പരാതിയിൽ അട്ടിക്കൂലി നിയമവിരുദ്ധമാണെന്ന് കോടതി വിധിച്ചിരുന്നു. മറ്റ്​ കരാറുകാർ അട്ടിക്കൂലി നൽകാൻ തയാറായതിനാൽ അവരുടെ ലോറികളിൽമാത്രം ലോഡ് കയറ്റുകയും ഒരാളെ ഒഴിവാക്കുകയും ചെയ്​തെന്നും പരാതിയുയർന്നതോടെ സപ്ലെകോ അധികൃതർ എഫ്.സി.ഐ ഉദ്യോഗസ്ഥർക്ക് പരാതി നൽകി. വിഷയത്തിൽ ഇടപെട്ട കലക്ടർ അഫ്​സാന പർവീൺ എത്രയും പെട്ടെന്ന്​ പ്രശ്നം പരിഹരിക്കണമെന്ന്​ എഫ്​.സി.ഐ അധികൃതർക്ക്​ നിർദേശം നൽകിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.