മൈനാഗപ്പള്ളി പഞ്ചായത്തിൽ ഒരു വർഷം നീളുന്ന വികസനം

lead 'വഴിയിടം' പദ്ധതിക്ക് തുടക്കമായി ശാസ്താംകോട്ട: മൈനാഗപ്പള്ളി പഞ്ചായത്ത് ഭരണസമിതിയുടെ വാർഷികാഘോഷങ്ങളുടെ ഭാഗമായി ഒരുവർഷം നീളുന്ന വികസന പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഇതിന്‍റെ ഭാഗമായി മൈനാഗപ്പള്ളി പഞ്ചായത്തും ശുചിത്വമിഷനും സംയുക്തമായി നടപ്പാക്കുന്ന 'വഴിയിടം' പദ്ധതിക്ക് തുടക്കം കുറിച്ചു. 30 ലക്ഷം രൂപ ചെലവിൽ വഴിയോര വിശ്രമകേന്ദ്രവും പൊതുശൗചാലയവും നിർമിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്. മാർച്ചിനുള്ളിൽതന്നെ പണി പൂർത്തിയാക്കും. ക്ഷീര കർഷകർക്കുള്ള കന്നുകാലിത്തീറ്റ വിതരണം, ലൈഫ് ഭവന പദ്ധതിയിൽ നിർധനർക്കുള്ള ഭവന നിർമാണം, തെരുവുവിളക്കുകൾക്കുള്ള നിലാവ് പദ്ധതി എന്നിവയും ആരംഭിച്ചു. വാട്ടർ അതോറിറ്റിയുമായി ചേർന്ന് നടപ്പാക്കുന്ന അഞ്ചുകോടി രൂപ അടങ്കലുള്ള മൈനാഗപ്പള്ളി കുടിവെള്ള പദ്ധതിയിൽ പബ്ലിക് മാർക്കറ്റിൽ ഓവർഹെഡ് ടാങ്കിന്‍റെ പണി ജൂലൈയിൽ പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ജൽ ജീവൻ മിഷൻ പദ്ധതിയിൽ അർഹരായ എല്ലാ ഗുണഭോക്താക്കൾക്കും കുടിവെള്ള കണക്ഷൻ നൽകുന്ന പ്രവർത്തനം വാർഡുകളിൽ നടന്നുവരികയാണ്. തൊഴിലുറപ്പ്​ പദ്ധതിയിൽ എല്ലാ വാർഡിലും കുറഞ്ഞത് മൂന്ന് റോഡെങ്കിലും കോൺക്രീറ്റ്​ ചെയ്തു ഗതാഗതയോഗ്യമാക്കുന്ന പ്രവർത്തിയും ആരംഭിച്ചു. ഒപ്പം അംഗൻവാടി കെട്ടിടം നിർമിക്കുന്നതിനും പദ്ധതിയുണ്ട്​. എല്ലാ സ്ഥലങ്ങളിലും എൽ.ഇ.ഡി വിളക്കുകൾ സ്ഥാപിക്കുന്ന പദ്ധതിയായ നിലാവ് ഈ മാസം പൂർത്തീകരിക്കും. പഞ്ചായത്തിലെ എല്ലാ റോഡുകളും ആസ്തിയിൽ ഉൾപ്പെടുത്തുന്ന ആർ-ട്രാക്ക് പദ്ധതിയിൽ എല്ലാ ഡോഡുകളുടെ വിവരങ്ങളും കാലികമാക്കി ഓൺലൈൻ ആക്കുന്ന പ്രവർത്തനം പൂർത്തിയാക്കിയ ആദ്യ പഞ്ചായത്തെന്ന ബഹുമതി മൈനാഗപ്പള്ളി നേടിയെടുത്തു. കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ ആസ്തി വികസന ഫണ്ടിൽനിന്ന്​ പഞ്ചായത്തിന് ലഭിച്ച ആംബുലൻസ് പ്രവർത്തനസജ്ജമായി. പഞ്ചായത്ത്​ ഹാളിൽ നടന്ന യോഗത്തിൽ ഒരുവർഷം നടക്കുന്ന വികസനപ്രവർത്തനങ്ങളുടെ ഉദ്​ഘാടനം പ്രസിഡന്‍റ്​ പി.എം. സെയ്ദ് നിർവഹിച്ചു. വൈസ് പ്രസിഡന്‍റ്​ ലാലിബാബു, സ്ഥിരംസമിതി അംഗങ്ങളായ മൈമൂനത്ത് നജീബ്, ചിറക്കുമേൽ ഷാജി, ഷീബാ സിജു, പഞ്ചായത്ത്​ സെക്രട്ടറി സി. ഡെമാസ്റ്റൻ, അംഗങ്ങളായ സജിമോൻ, ബിന്ദു മോഹൻ, ബിജുകുമാർ, ജലജ രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ഫോട്ടോ: മൈനാഗപ്പള്ളി പഞ്ചായത്ത് നിർമിക്കുന്ന 'വഴിയിടം' പദ്ധതിയുടെ നിർമാണോദ്ഘാടനം പ്രസിഡൻറ് പി.എം. സെയ്ദ് നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.