ചാത്തന്നൂർ ടൗണിൽ വിദ്യാർഥികൾക്ക് യാത്രാസൗകര്യം ഒരുക്കണം എന്ന്​ ആവശ്യമുയർന്നു

അധ്യാപകരും നാട്ടുകാരും റോഡിൽനിന്ന് ഗതാഗതം നിയന്ത്രിക്കേണ്ട അവസ്ഥ ചാത്തന്നൂർ: സ്കൂൾ തുറന്നിട്ടും ചാത്തന്നൂർ ടൗണിൽ വിദ്യാർഥികൾക്ക് യാത്രാ സൗകര്യം ഒരുക്കാതെ പൊലീസും പഞ്ചായത്ത്‌ അധികൃതരും. ഭയപ്പാടോടെയാണ് കുട്ടികൾ ദേശിയപാതയടക്കമുള്ള റോഡുകൾ മുറിച്ചുകടക്കുന്നത്. രാവിലെ ബസുകൾ എത്തിയാൽ അധ്യാപകരും നാട്ടുകാരും റോഡിൽനിന്ന് ഗതാഗതം നിയന്ത്രിക്കേണ്ടിവരുന്നു. ചാത്തന്നൂർ ജങ്ഷനിൽ റോഡുകൾ മുറിച്ചു കടന്ന് സ്കൂളുകളിലേക്ക് പ്രവേശിക്കാൻ വിദ്യാർഥികൾക്ക് പ്രയാസപ്പെടേണ്ടിവരുന്നു. കൊല്ലം-തിരുവനന്തപുരം ദേശീയപാത മുറിച്ചുകടക്കാതെ വിദ്യാർഥികൾക്ക് സ്കൂളിലേക്ക് പോകാൻ പറ്റില്ല. മുന്നറിയിപ്പുകളോ സുരക്ഷാസംവിധാനങ്ങളോ ഒരുക്കിയിട്ടില്ല. ചാത്തന്നൂർ-കൊട്ടാരക്കര റോഡിൽ വേഗം നിയന്ത്രിക്കാൻ അപകടമുന്നറിയിപ്പ് ബോർഡുകളും ഹമ്പും സ്ഥാപിക്കാൻ പഞ്ചായത്ത്‌ അധികൃതരോട് അധ്യാപകർ ആവശ്യപ്പെട്ടിട്ടും നാളിതുവരെ നടപടി ഉണ്ടായിട്ടില്ല. ദേശീയപാതയിൽ അമിത വേഗത്തിലാണ് വാഹനങ്ങൾ പോകുന്നത്. ഇവിടെ ഒരു ഹോം ഗാർഡ് മാത്രമാണ് ദേശീയപാതയിൽ സേവനത്തിനുള്ളത്. അടിയന്തരമായി കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ച്​ ചാത്തന്നൂർ ജങ്ഷനിൽ റോഡ് മുറിച്ചുകടക്കാനുള്ള സൗകര്യം ഒരുക്കണമെന്നാണ് വിദ്യാർഥികളുടെയും അധ്യാപകരുടെയും ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.