പാതയോരങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നത് പതിവാകുന്നു

കുളത്തൂപ്പുഴ: ജനവാസമേഖലയിലെ ആളൊഴിഞ്ഞ പ്രദേശത്തും വനപാതകളിലും മാലിന്യം നിക്ഷേപിക്കുന്നത് പതിവായതോടെ കുറ്റക്കാര്‍ക്കെതിരെ നടപടിക്കൊരുങ്ങി ഗ്രാമപഞ്ചായത്ത്. കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിലെ കല്ലുവെട്ടാംകുഴി മുപ്പതടിപ്പാലം, ചന്ദനക്കാവ് കുട്ടിവനം, സാംനഗര്‍ പച്ചയില്‍ക്കട വനപാത, കൂവക്കാട്, ചോഴിയക്കോട്- ചണ്ണപ്പേട്ട പാത തുടങ്ങിയ പ്രദേശങ്ങളില്‍ രാത്രി വ്യാപാരശാലകളിലെയും ഹോട്ടലുകളിലെയും ഇറച്ചിക്കടകളിലെയും മാലിന്യം ചാക്കിലും മറ്റും നിറച്ച് പാതയോരത്ത് വലിച്ചെറിയുകയാണ്. കഴിഞ്ഞ പരിസ്ഥിതി ദിനത്തില്‍ ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡിലും ശുചിത്വ സമിതികളുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ പാതയോരത്തെ മാലിന്യം നീക്കം ചെയ്ത്​ സംസ്കരിച്ചിരുന്നു. മൈലമൂട് വാര്‍ഡിലെ വടമൺപണ, ഉരൽകുത്താൻപാറ പ്രദേശത്തെ പാതയോരങ്ങളില്‍ വീണ്ടും മാലിന്യം തള്ളുന്നത് ശ്രദ്ധയിൽപെട്ടതോടെ ഗ്രാമപഞ്ചായത്തംഗം പി. ഉദയകുമാർ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി. മാലിന്യച്ചാക്കുകൾ അഴിച്ച്​ പരിശോധിച്ചപ്പോൾ അഞ്ചലിലെ ചില സ്വകാര്യ സ്ഥാപനങ്ങളുടെ ബില്ലുകൾ കണ്ടെത്തുകയും ഈ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി കെ.എസ്. രമേഷ് കുളത്തൂപ്പുഴ പൊലീസിൽ പരാതി നല്‍കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.