കശുവണ്ടി കോർപറേഷൻ ​അഴിമതിക്കേസ്​: പ്രോസിക്യൂഷന് അനുമതി വേണ്ടതില്ലെന്ന് സി.ബി.ഐ

കൊല്ലം: സംസ്ഥാന കശുവണ്ടി വികസന കോർപറേഷൻ അഴിമതി കേസിൽ പ്രോസിക്യൂഷന് സർക്കാർ അനുമതി വേണ്ടതില്ലെന്ന് സി.ബി.ഐ ഹൈകോടതിയിൽ. ഇക്കാര്യത്തിൽ സുപ്രീംകോടതി വിധി ബാധകമാ​െണന്നും സി.ബി.ഐ വ്യക്​തമാക്കി. കേസ്​ അ​േന്വഷിച്ച സി.ബി.ഐ സംഘത്തിന് പ്രോസിക്യൂഷൻ അനുമതി നൽകാത്ത സർക്കാർ നടപടി ചോദ്യം ചെയ്ത് കൊല്ലം സ്വദേശി കടകംപള്ളി മനോജ് നൽകിയ ഹരജിയിലാണ് വിശദീകരണം. വാദം നടത്താൻ അഡീഷനൽ അഡ്വക്കറ്റ്​ ജനറൽ ഹാജരാകാനുള്ളതിനാൽ സമയം അനുവദിക്കണമെന്ന സർക്കാർ ആവശ്യം പരിഗണിച്ച ജസ്​റ്റിസ്​ വി.ജി അരുൺ, ഹരജി വീണ്ടും തിങ്കളാഴ്​ച പരിഗണിക്കാൻ മാറ്റി. കശുവണ്ടി സംഭരണത്തിലും വിൽപനയിലും കോടികളുടെ ക്രമക്കേട്​ ആരോപിച്ച് മനോജ് നൽകിയ ഹരജിയിൽ 2015 സെപ്​റ്റംബർ 23നാണ് ഹൈകോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണം പൂർത്തിയാക്കിയ സി.ബി.ഐ, അന്തിമ റിപ്പോർട്ട് നൽകാൻ കോർപറേഷൻ മുൻ ചെയർമാനും ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറുമായ ആർ. ചന്ദ്രശേഖരൻ, മുൻ എം.ഡി കെ.എ. രതീഷ് എന്നിവർക്കെതിരെ പ്രോസിക്യൂഷൻ അനുമതിക്കായി വ്യവസായ സെക്രട്ടറിക്ക് അപേക്ഷ നൽകിയിരുന്നു. എന്നാൽ, കഴിഞ്ഞ ഒക്ടോബർ 15ന് അപേക്ഷ വ്യവസായ സെക്രട്ടറി നിരസിച്ചു. അഴിമതി നിരോധന നിയമത്തിലെ ഭേദഗതി നിലവിൽവന്ന 2018 ജൂലൈ 26ന് ശേഷമുള്ള കുറ്റങ്ങൾക്കാണ് അനുമതി വേണമെന്ന വ്യവസ്ഥയുള്ളതെന്നും മതിയായ കാരണമുണ്ടായിട്ടും പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചത് നിയമപരമല്ലെന്നുമാണ്​ ഹരജിയിലെ ആരോപണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.