ജില്ല പഞ്ചായത്ത് /കലയപുരം ഡിവിഷൻ

കളംനിറഞ്ഞ് സ്ഥാനാർഥികൾ കലയപുരം: കലയപുരം ഡിവിഷനിൽ യു.ഡി.എഫ് സ്ഥാനാർഥി നിലവിലെ ജില്ല പഞ്ചായത്തംഗം ആർ. രശ്മി തന്നെയാണ്. എൽ.ഡി.എഫ് സ്ഥാനാർഥി കേരള കോൺഗ്രസ് (ജോസ്) വിഭാഗം നേതാവ് മുരുകദാസൻ നായരും. ബി.ജെ.പി യുവനേതാവ് കെ.ആർ. രാധാകൃഷ്ണനെയാണ്​ എൻ.ഡി.എ നിർത്തിയിരിക്കുന്നത്​. മൈലം - 19, കുളക്കട - 19, പട്ടാഴി - ഒമ്പത്​, പവിത്രേശ്വരം പഞ്ചായത്തിലെ രണ്ട്​ വാർഡുകൾ ഉൾപ്പെടെ 49 വാർഡുകൾ ഉൾപ്പെട്ടതാണ് കലയപുരം ഡിവിഷൻ. ജില്ല പഞ്ചായത്ത് രൂപവത്​കൃതമാകുന്ന കാലംമുതൽ എൽ.ഡി.എഫിനാണ്​ ഇവിടെ ജയം. എന്നാൽ, 2010ൽ പട്ടികജാതി സംവരണമായപ്പോൾ യു.ഡി.എഫ് വിജയം നേടി. 2015ലും ഈ വിജയം ആവർത്തിച്ചു. കൈവിട്ടുപോയ സീറ്റ് ഇക്കുറി തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് എൽ.ഡി.എഫ്. സീറ്റ് നിലനിർത്തുമെന്ന ഉറച്ച വിശ്വാസത്തിലാണ് യു.ഡി.എഫ്​. എൽ.ഡി.എഫിലെ മുരുകദാസൻ നായർ കേരള കോൺഗ്രസ്​ (ജോസ്)വിഭാഗം ജില്ല വൈസ്​ പ്രസിഡൻറും സംസ്​ഥാന എക്സിക്യൂട്ടിവ് കമ്മിറ്റിയംഗവുമാണ്. തെരഞ്ഞെടുപ്പുരംഗത്ത് ആദ്യം. താലൂക്ക് വികസന സമിതി അംഗവുമാണ്. യു.ഡി.എഫിലെ ആർ. രശ്മി മഹിള കോൺഗ്രസ് നേതാവാണ്​. രണ്ടുതവണ ഗ്രാമപഞ്ചായത്തംഗമായിരുന്നു. കഴിഞ്ഞ തവണ ജില്ല പഞ്ചായത്തിൽ മൂവായിരത്തിലധികം വോട്ടിൻെറ ഭൂരിപക്ഷത്തിലാണ് ഇവർ വിജയിച്ചത്. ഇത് മുന്നിൽ കണ്ടുകൊണ്ടാണ് ജനറൽ സീറ്റിൽ യു.ഡി.എഫ് വീണ്ടും രശ്മിയെത്തന്നെ മത്സരിപ്പിക്കുന്നത്. ബി.ജെ.പിയിലെ കെ.ആർ. രാധാകൃഷ്ണൻ യുവമോർച്ച ജില്ല പ്രസിഡൻറ്, സംസ്ഥാന കമ്മിറ്റിയംഗം എന്നീ പദവികൾ വഹിച്ചിരുന്നു. ഇപ്പോൾ ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറിയാണ്. ആദ്യ മത്സരം. ജനഹിതം 2015: ആർ. രശ്മി (കോൺ.) -26202 (ഭൂരിപക്ഷം - 2199) ആർ. ശ്രീകുമാരി (സി.പി.എം) -24003

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.