കരുനാഗപ്പള്ളിയുടെ ജനകീയ ഡോക്ടർ വിടവാങ്ങി

കരുനാഗപ്പള്ളി: അരനൂറ്റാണ്ട് മുമ്പ് സ്വകാര്യ ആശുപത്രി തുടങ്ങി ലാഭേച്ഛ കൂടാതെ ചികിത്സ നടത്തിയ കരുനാഗപ്പള്ളിയിലെ ആദ്യകാല ജനകീയ ഡോക്ടർ ഡോ.എൻ.എ. മൻസൂറിൻെറ വേർപാട് നാടിൻെറ നൊമ്പരമായി. പരവൂർ പൊഴിക്കര നീരക്കിൽ വീട്ടിൽ കുടുംബമാണ്. 1970 കളിൽ കരുനാഗപ്പള്ളി പുത്തൻതെരുവിൽ അജി നഴ്​സിങ്​ ഹോം എന്ന സ്വകാര്യ ആശുപത്രി വാടകക്കെട്ടിടത്തിലാണ് തുടക്കം. തുച്ഛമായ ഫീസ് ഇൗടാക്കിയുള്ള ചികിത്സ ജനങ്ങളിൽ വലിയ അംഗീകാരം നേടി. ചുരുങ്ങിയ കാലം കൊണ്ട് ചികിത്സാ സ്ഥാപനം ഉയർന്നു. സ്വന്തമായി സ്ഥലവും കെട്ടിടവുമായി സഹപ്രവർത്തകൻ കൊടുങ്ങല്ലൂർ സ്വദേശി ഡോ. നസീർ ഹുസൈനുമായി ചേർന്നാണ് പിന്നീട് ആശുപത്രി നടത്തിയത്. പിന്നീട് സർവിസിൽ പ്രവേശിച്ചു. ഡെപ്യൂട്ടി ഡയറക്ടർ പദവിലാണ് വിരമിച്ചത്. പുത്തൻതെരുവിൽ സ്ഥിരതാമസമാക്കിയ ഡോക്ടർ മൂന്നര പതിറ്റാണ്ട് കാലം മുമ്പ് സലഫി പ്രസ്ഥാനത്തിൻെറ പ്രവർത്തകനായി. ജില്ലയിൽ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ മുൻനിരയിൽ പ്രവർത്തിച്ചവരിൽ പ്രധാനിയായിരുന്നു. കെ.എൻ.എമ്മിൻെറ ജില്ല പ്രസിഡൻറ് ആയിരുന്നു. നിലവിൽ സംസ്ഥാന വൈസ് പ്രസിഡൻറ്, പുത്തൻതെരുവ് സലഫി ട്രസ്​റ്റ്​ ചെയർമാൻ എന്നീ നിലകളിൽ സേവനമനുഷ്​ഠിച്ചുവരികയായിരുന്നു. മരണം വരെയും നന്മയും മൂല്യങ്ങളും കൈവിടാതെ സേവനരംഗത്ത് നിലകൊണ്ടയാളായിരുന്നു. ഏതാനും നാളുകളായി രോഗബാധിതനായി കഴിയുകയായിരുന്നു​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.