കോവൂർ കുഞ്ഞുമോനെതിരായ പ്രതിഷേധം; കോൺഗ്രസ് രണ്ടുതട്ടിൽ

ശാസ്താംകോട്ട: കോവൂർ കുഞ്ഞുമോൻ എം.എൽ.എ നിയമസഭയിൽ പ്രതിപക്ഷത്തെ വിമർശിച്ച് നടത്തിയ പ്രസംഗത്തിനെതിരായ കോൺഗ്രസ് പ്രതിഷേധത്തിൽ പാർട്ടി രണ്ടുതട്ടിൽ. പാർട്ടിയുടെ അന്തസ്സും പാരമ്പര്യവും ആഭിജാത്യവും കളയുന്ന നടപടിയാണിതെന്ന് മുതിർന്ന കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടുമ്പോൾ പ്രതിഷേധം കടുപ്പിക്കുകയാണ് മറുവിഭാഗം. കോവൂർ കുഞ്ഞുമോൻെറ വീട്ടിലേക്ക് മാർച്ച് പ്രഖ്യാപിച്ചിരിക്കെയാണ് മുതിർന്ന നേതാക്കൾ അസ്വാരസ്യം പരസ്യമാക്കിയത്. ഇടതുസർക്കാറിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ എതിർത്ത് കക്ഷി നേതാവ് എന്ന നിലയിൽ കോവൂർ കുഞ്ഞുമോൻ എം.എൽ.എ നടത്തിയ പ്രസംഗം ശ്രദ്ധേയമായിരുന്നു. ചില കോൺഗ്രസുകാരുടെ സംഘ്​പരിവാർ അനുകൂല മനോഭാവത്തെപറ്റി പരാമർശിക്കവെ ഉടുമുണ്ടും അടിവസ്ത്രവും പ്രസംഗത്തിൽ വന്നുപെട്ടു. കേട്ടിരുന്ന കോൺഗ്രസ് അംഗങ്ങളൊന്നും ആ സമയം പ്രതികരിച്ചതുമില്ല. പത്ത് ദിവസത്തിലധികം പിന്നിട്ടപ്പോഴാണ് കുന്നത്തൂരിലെ ഒരുവിഭാഗം നേതാക്കളും പ്രവർത്തകരും ഉടുവസ്ത്രം ഉരിഞ്ഞും അടിവസ്ത്രം കാണിച്ചുമുള്ള സമരരീതിയിലേക്ക് തിരിഞ്ഞത്. കടുത്ത അശ്ലീല മുദ്രാവാക്യങ്ങളുമായി സമരത്തെ അസഭ്യവത്​കരിച്ചതോടെ നാട്ടുകാർക്കിടയിൽ കോൺഗ്രസിന് അവമതിപ്പുണ്ടാക്കുന്ന നിലവരെയെത്തി. 19 വർഷമായി കുന്നത്തൂരിനെ നിയമസഭയിൽ പ്രതിനിധീകരിക്കുന്ന കുഞ്ഞുമോൻെറ വോട്ടർമാരിൽ കോൺഗ്രസ് അനുഭാവികളുടെ നീണ്ടനിര തന്നെയുണ്ട്. ഞായറാഴ്ച ഈരീതിയിൽ സമരം നടത്തിയപ്പോൾ സ്ഥലത്തുണ്ടായിരുന്ന പഞ്ചായത്തുതല നേതാക്കളോട് മുൻനിര നേതാക്കൾ നീരസം അറിയിച്ചു. മറുവശത്ത് ഇടതുമുന്നണിയും സി.പി.എമ്മും കോവൂർ കുഞ്ഞുമോന് പ്രതിരോധം തീർത്ത് രംഗത്തെത്തിയിട്ടുണ്ട്. സി.പി.എം കുന്നത്തൂർ ഏരിയ സെക്രട്ടറി പി.കെ. ഗോപൻ, ശൂരനാട് ഏരിയ സെക്രട്ടറി പി.ബി. സത്യദേവൻ, ഇടതുമുന്നണി കുന്നത്തൂർ നിയോജക മണ്ഡലം ചെയർമാൻ കെ. ശിവശങ്കരൻ നായർ, ആർ.എസ്.പി- ലെനിനിസ്​റ്റ്​ ജില്ല സെക്രട്ടറി സാബു ചക്കുവള്ളി എന്നിവർ എം.എൽ.എക്കുനേരേ നടന്ന തുണിയുരിയൽ സമരത്തിനെതിരെ പ്രതിഷേധം അറിയിച്ചു. എം.എൽ.എയെ ജാതീയമായി അപമാനിക്കാനുള്ള ശ്രമത്തെ എന്ത് വിലകൊടുത്തും ചെറുക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകി. ഗ്രന്ഥശാലാ വാരാചരണം കരുനാഗപ്പള്ളി: സ്‌റ്റേറ്റ് ലൈബ്രറി കൗൺസിൽ ആഹ്വാനം ചെയ്ത ഗ്രന്ഥശാല വാരാചരണം വിവിധ പരിപാടികളോടെ കരുനാഗപ്പള്ളി താലൂക്കിലെ ഗ്രന്ഥശാലകളിൽ നടത്തി. പുസ്തക സമാഹരണം, പുതിയ അംഗങ്ങളെ ചേർക്കൽ, മുതിർന്ന അംഗങ്ങളെ ആദരിക്കൽ, ഗ്രന്ഥശാലകളുടെ ചരിത്രം രേഖപ്പെടുത്തൽ, കോവിഡ് സൻെററുകളിലേക്കുള്ള അവശ്യവസ്തുക്കളുടെ ശേഖരണം, വെബിനാറുകൾ, പുസ്തക പരിചയം, സംവാദങ്ങൾ, ഓൺലൈൻ കലാമത്സരങ്ങൾ എന്നിവ സംഘടിപ്പിച്ച​ു. 'തുളസിക്കതിർ നുള്ളിയെടുത്തു' എന്ന ഗാനമെഴുതി ശ്രദ്ധേയനായ തങ്ങളുടെ ആദ്യകാല പ്രവർത്തകൻ സഹദേവനെ കല്ലേലിഭാഗം ജനതാ ഗ്രന്ഥശാല ആദരിച്ചു. കുലശേഖരപുരം എ.പി കളയ്ക്കാട് ഗ്രന്ഥശാലയിൽ സംഗീത പഠനകേന്ദ്രം ആരംഭിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് സി. രാധാമണി ഉദ്ഘാടനം ചെയ്തു. സാമൂഹ്യക്ഷേമ ബോർഡ് ചെയർപേഴ്സൺ സൂസൻ കോടി മുഖ്യാതിഥിയായി. ജില്ല ലൈബ്രറി കൗൺസിൽ എക്സി.അംഗം വി.പി. ജയപ്രകാശ് മേനോൻ അധ്യക്ഷതവഹിച്ചു. തേവലക്കര ഗ്രാമീണ ഗ്രന്ഥശാലായിൽ താലൂക്ക് പ്രസിഡൻറ് പി.ബി. ശിവൻ വായനാ സന്ദേശം നൽകി. കോവിഡും കുട്ടികളും എന്ന വിഷയത്തിൽ സംഘടിപ്പിച്ച വെബിനാറിൽ 100 കുട്ടികൾ പ്രതിനിധികളായി പങ്കെടുത്തു. ഗ്രന്ഥശാലാ വാരാചരണത്തിൻെറ താലൂക്കുതല സമാപനം വള്ളിക്കാവ് സംസ്കാര സംദായിനി വായനശാലയിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ ഉദ്ഘാടനം ചെയ്തു. ജില്ല ലൈബ്രറി കൗൺസിൽ അംഗം ജി. രവീന്ദ്രൻ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് നേതൃസമിതി കൺവീനർ ശരത്ചന്ദ്രനുണ്ണിത്താൻ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.