ആളാരവമില്ലാതെ ഉത്രാടപ്പാച്ചിൽ കഴിഞ്ഞു; ഇന്ന്​ തിരുവോണം

കൊല്ലം: മഹാമാരിക്കിടയിലും ചിട്ടവട്ടങ്ങൾ പാലിച്ച് തിരുവോണം ആഘോഷിക്കാൻ മലയാളികൾ ഒരുങ്ങി. പതിവിൽനിന്ന്​ വ്യത്യസ്തമായി തിരക്കു കുറഞ്ഞ ഉത്രാടപ്പാച്ചിലാണ് ഞായറാഴ്ച ദൃശ്യമായത്. റോഡുകളിലും മാർക്കറ്റുകളിലും തിരക്ക്​ കുറവായിരുന്നു. കോവിഡ് സമ്പർക്കവ്യാപനം വർധിക്കുന്നതിനാൽ മിക്കവരും തിരക്കിൽനിന്ന്​ വിട്ടുനിൽക്കുകയായിരുന്നു. ഒാണത്തോടനുബന്ധിച്ച്​ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാനായി മിക്ക സ്ഥാപനങ്ങളും ആകർഷകമായ ഓഫറുകൾ അവതരിപ്പിച്ചിരുന്നു. കോവിഡ് കാലത്ത് വിപണിയിലെ തിരക്കിലേക്ക് ഇറങ്ങാൻ ഭയന്നവർക്ക് ഹോം ഡെലിവറി സംവിധാനങ്ങൾ ഗുണകരമായി. സാധനങ്ങൾ വീട്ടിലെത്തിക്കാൻ വിവിധ സ്ഥാപനങ്ങൾ ക്രമീകരണം ഒരുക്കിയിരുന്നു. വിവിധ ആപ്പുകളും ഇതിനായി പുറത്തിറക്കിയിരുന്നു. ഓണക്കച്ചവടം ലക്ഷ്യമിട്ട് ഉപഭോക്താക്കളെ ആകർഷിക്കാൻ സാധ്യതകളെല്ലാം വിപണി പരീക്ഷിച്ചു. ഉത്രാടത്തിരക്ക് നിയന്ത്രിക്കാൻ എല്ലാ സ്ഥലങ്ങളിലും പൊലീസ് നിരീക്ഷണം ശക്തമായിരുന്നു. കോവിഡ് മാനദണ്ഡം പാലിക്കാൻ ആവശ്യമായ മാർഗനിർദേശങ്ങളുമായി പൊലീസ് ഉദ്യോഗസ്ഥർ ജാഗ്രത കാട്ടി. വീട്ടിൽ സദ്യയൊരുക്കാൻ കഴിയാത്തവർക്ക് ഓണ സദ്യ വിളമ്പാൻ ഹോട്ടലുകളും കാറ്ററിങ് യൂനിറ്റുകളും സജ്ജമായിട്ടുണ്ട്. 200 മുതലാണ് ഓണസദ്യക്ക്​ ഈടാക്കുന്ന ശരാശരി വില. വാഴയിലയും കുടിവെള്ളവും ഉൾപ്പെടെ എല്ലാം വീട്ടിലെത്തിക്കും. ഓണസദ്യ വിളമ്പാൻ തൊടിയിലൊരു വാഴയില ഇല്ലാതെ വിഷമിക്കുന്നവർക്ക്​ തമിഴ്നാട്ടിൽനിന്ന് മുൻ വർഷങ്ങളിൽ വാഴയില വൻ തോതിൽ എത്തിയിരുന്നു. ഇത്തവണ നാട്ടിലെ വാഴകളിൽ നിന്ന് മുറിച്ചെടുത്ത ഇലകളും വ്യാപകമായി വിപണിയിലുണ്ട്. വാഴയില ഒന്നിന് അഞ്ചു മുതൽ 10 രൂപ വരെയാണ് വീട്ടിൽ നൽകുമ്പോൾ ഈടാക്കുന്നത്. തമിഴ്​നാട്ടിൽനിന്നുള്ള പൂക്കൾ നിറഞ്ഞുനിൽക്കുന്ന പൂക്കളങ്ങളും ജങ്​ഷനുകളും സ്​ഥാപനങ്ങളും ആരവത്താൽ നിറയുന്ന വിവിധ പരിപാടികളുമില്ലാത്ത ഒാണമാണെങ്കിലും എവിടെയും പരാതികളില്ല. ആൾക്കൂട്ടത്തി​ൻെറ ആഘോഷങ്ങളിൽനിന്ന്​ വ്യത്യസ്​തമായി വീടുകളിൽ ഏറെ പ്രിയപ്പെട്ടവരിലേക്ക്​ മാത്രം ഒതുങ്ങുന്ന ഇത്തവണത്തെ ഇൗ 'കരുതലോണം' മലയാളികൾക്കെല്ലാം പുത്തൻ അനുഭവമായിരിക്കും സമ്മാനിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.