കെ.എസ്.ആര്‍.ടി.സി: എം.എല്‍.എ ഫണ്ടില്‍നിന്ന് അനുവദിക്കും

കുളത്തൂപ്പുഴ: കിഴക്കന്‍ മലയോര മേഖലയിലെ പ്രധാനപ്പെട്ട കെ.എസ്.ആര്‍.ടി.സി ഓപറേറ്റിങ് സെന്‍ററായ കുളത്തൂപ്പുഴ ഡിപ്പോയില്‍ നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതികള്‍ മറികടക്കുന്നതിനാവശ്യമായ തുക എം.എല്‍.എ ഫണ്ടില്‍ നിന്ന്​ അനുവദിക്കുമെന്ന് പി.എസ്. സുപാൽ എം.എല്‍.എ. കുളത്തൂപ്പുഴ ഡിപ്പോയില്‍ ജീവനക്കാരുടെയും ത്രിതല പഞ്ചായത്ത് ജന പ്രതിനിധികളുടെയും അവലോകന യോഗത്തിലാണ് എം.എല്‍.എ ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ മണ്ണിടിഞ്ഞുവീണ് ഗാരേജിന്‍റെ പ്രവർത്തനം തടസ്സപ്പെട്ടിരുന്നു. ഗാരേജിന്​ പിന്നിലായി സ്വകാര്യവ്യക്തിയുടെ ഉടമസ്ഥയിലുള്ള വസ്തുവിൽ മണ്‍തിട്ടക്ക് മുകളില്‍ അപകടകരമായ നിലയിൽ നിൽക്കുന്ന മരങ്ങൾ വെട്ടി മാറ്റുന്നതിനായി വസ്തുവിന്‍റെ ഉടമയുമായി ബന്ധപ്പെടുകയും നടപടി സ്വീകരിക്കുകയും ചെയ്തു. ടാറിങ്​ തകര്‍ന്ന് കാല്‍നട യാത്ര പോലും ദുഷ്കരമായ നിലയിലുള്ള ഡിപ്പോ റോഡിന്‍റെ അറ്റകുറ്റപ്പണികള്‍ക്കും ഡിപ്പോക്കുള്ളില്‍ വെളിച്ചമെത്തിക്കുന്നതിനായി രണ്ടു മിനി മാസ്റ്റ് ലൈറ്റുകളും ബസുകള്‍ നിര്‍ത്തിയിടുന്നതിനുള്ള യാര്‍ഡുകള്‍ നിർമിക്കുന്നതിനും ആവശ്യമായ തുക എം.എല്‍.എയുടെ ആസ്ഥി വികസന ഫണ്ടില്‍ നിന്ന്​ അനുവദിച്ചു നല്‍കാമെന്ന് ഉറപ്പുനല്‍കി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് നദീറ സൈഫുദ്ദീന്‍ അധ്യക്ഷത വഹിച്ചു. കെ.എസ്.ആര്‍.ടി.സി കൊട്ടാരക്കര ക്ലസ്റ്റര്‍ ഓഫിസര്‍ കെ. സുരേഷ് കുമാര്‍, പുനലൂര്‍ എ.ടി.ഒ. ഭദ്രന്‍, ഇന്‍സ്പെക്ടര്‍ ഇന്‍ ചാര്‍ജ് സുഭാഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം റീന ഷാജഹാൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലൈലാ ബീവി, ചന്ദ്രകുമാര്‍, തുഷാര, ശോഭന, ഷീജാ റാഫി എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.