മത്സ്യത്തൊഴിലാളികളുടെ പരാതികള്‍ക്ക് അടിയന്തര പരിഹാരം -കലക്ടര്‍

കൊല്ലം: ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ ഉന്നയിച്ച പരാതികള്‍ക്ക് അടിയന്തര പ്രാധാന്യത്തോടെ പരിഹാരം കാണുമെന്ന് കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. മത്സ്യത്തൊഴിലാളി യൂനിയന്‍ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. കൊല്ലം തുറമുഖത്തിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ മത്സ്യത്തൊഴിലാളികളുടെകൂടി അഭിപ്രായം പരിഗണിച്ചാകും നടപ്പാക്കുക. ദുരന്തമുന്നറിയിപ്പ് വഴിയുള്ള തൊഴില്‍നഷ്ടം പരിഹരിക്കുന്നതിനും നടപടി ഉണ്ടാകും. ജില്ലതലത്തില്‍ പരിഹരിക്കാനാകാത്തവ സംസ്ഥാനതലത്തില്‍ ഇടപെടുന്നതിന് വഴിയൊരുക്കും. ഇന്ധനവില വര്‍ധന, പെര്‍മിറ്റുകളുടെ കാലതാമസം, മത്സ്യബന്ധനത്തിന് നിശ്ചയിച്ചിട്ടുള്ള ദൂരപരിധിയുടെ പുനര്‍നിര്‍ണയം തുടങ്ങി ഉന്നയിക്കപ്പെട്ട വിഷയങ്ങളിലും തുടര്‍നടപടി സ്വീകരിക്കും. ജില്ലക്ക്​ പുറത്തുനിന്നുള്ള മത്സ്യത്തിന്‍റെ വരവ് വിപണനത്തെ ബാധിക്കുന്നെന്ന വിഷയം ഗൗരവത്തോടെ കാണും. ഇതരസംസ്ഥാനങ്ങളില്‍നിന്ന് നേരിട്ടുള്ള മത്സ്യവില്‍പന നിയന്ത്രിക്കണമെന്ന ആവശ്യവും പരിശോധിക്കും. മത്സ്യത്തൊഴിലാളി പുനരധിവാസം, നഷ്ടപരിഹാരത്തുക ലഭ്യമാക്കല്‍ എന്നിവയുടെ നടപടികളും ത്വരിതപ്പെടുത്തും. മത്സ്യബന്ധന ഉപകരണങ്ങളുടെ ലോക്ക്‌റൂം വാടക ഇളവ്, വലകള്‍ മോഷണം പോകുന്നു തുടങ്ങിയ പരാതികളും പരിഹരിക്കുന്നതിന് പ്രാധാന്യം നല്‍കും. നിയമവിരുദ്ധ മത്സ്യബന്ധന രീതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. എന്നാല്‍, ദുരന്ത മുന്നറിയിപ്പ് സംബന്ധിച്ച മുന്നറിയിപ്പുകളുമായി എല്ലാവരും പൂര്‍ണമായി സഹകരിക്കണം. ജീവന്‍ സംരക്ഷണം മുന്‍നിർത്തിയുള്ള നടപടിയില്‍ ഇളവുകള്‍ നല്‍കാനാകില്ല. മത്സ്യത്തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തും എന്നും കലക്ടര്‍ വ്യക്തമാക്കി. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. സുഹൈര്‍, പോര്‍ട്ട് ഓഫിസര്‍ ക്യാപ്റ്റന്‍ സിജോ ഗോര്‍ഡിയസ്, മത്സ്യത്തൊഴിലാളി യൂനിയന്‍ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. ....kc+kw+ke.... വേളാങ്കണ്ണിയിലേക്ക് പ്രതിവാര എക്സ്​പ്രസ്​ ജൂൺ മൂന്നു മുതൽ കൊല്ലം: എറണാകുളത്തുനിന്ന് കോട്ടയം, കൊല്ലം വഴി വേളാങ്കണ്ണിയിലേക്കുള്ള പ്രതിവാര എക്സ്​പ്രസ്​ സ്‌പെഷൽ ട്രെയിൻ ജൂൺ മൂന്നുമുതൽ സർവിസ് നടത്തും. ജൂൺ നാലിന് ഉച്ചക്ക് 12.35ന് എറണാകുളത്തുനിന്ന് സർവിസ് ആരംഭിക്കുന്ന വേളാങ്കണ്ണി സ്പെഷൽ ട്രെയിൻ, ഞായറാഴ്ച രാവിലെ 5.50ന് വേളാങ്കണ്ണിയിൽ എത്തും. നാഗപട്ടണം വേളാങ്കണ്ണി സെക്ഷനിൽ ട്രാക്കിന്‍റെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ തൽക്കാലം വേളാങ്കണ്ണി ട്രെയിൻ നാഗപട്ടണം വരെ സർവിസ് നടത്തും. അറ്റകുറ്റപ്പണി തീരുന്നതോടെ ട്രെയിൻ 10 കിലോമീറ്റർ ദൂരം മാത്രമുള്ള വേളാങ്കണ്ണിയിലേക്ക് നീട്ടുമെന്ന് റെയിൽവേ ഉറപ്പുനൽകിയതായി കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു. മൂന്നു മാസത്തിനകം റെഗുലർ ട്രെയിൻ ആയിട്ട് സർവിസ് നടത്തുമെന്ന് സതേൺ റെയിൽവേ ഉറപ്പുനൽകിയതായി എം.പി അറിയിച്ചു. പുനലൂർ ഗുരുവായൂർ ട്രെയിൻ മധുരയിലേക്ക് നീട്ടുന്നതിനുള്ള നിർദേശം റെയിൽവേ ബോർഡിന്‍റെ പരിഗണനയിൽ ആണ്. ഇപ്പോൾ സർവിസിലുള്ള പുനലൂർ ഗുരുവായൂർ പാസഞ്ചർ ട്രെയിൻ എക്സ്​പ്രസ്​ ട്രെയിനാക്കി മധുര വരെ നീട്ടാനുള്ള നിർദേശമാണ് റെയിൽവേ ബോർഡിന്‍റെ പരിഗണനയിൽ‌.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.