പുതുവർഷത്തെ വരവേൽക്കാൻ വിദ്യാലയങ്ങൾ തയാറാകുന്നു

പുനലൂർ: മധ്യവേനൽ അവധിക്കുശേഷം വിദ്യാർഥികളെ വരവേൽക്കാൻ കിഴക്കൻ മേഖലയിലെ സ്കൂളുകൾ അവസാനഘട്ട ഒരുക്കത്തിലേക്ക്. കോവിഡ് നിയന്ത്രണം കാരണം രണ്ടുവർഷവും ജൂൺ ഒന്നിന് സ്കൂൾ തുറക്കാൻ കഴിയാത്തതിനാൽ ഇത്തവണ ആദ്യദിവസം തന്നെ അധ്യായന ആരംഭം കേമമാക്കാൻ തയാറെടുപ്പിലാണ് അധ്യാപകരും പി.ടി.എ കമ്മിറ്റികളും. പുനലൂർ വിദ്യാഭ്യാസ ഉപജില്ലയിൽ സർക്കാർ, എയ്ഡഡ് മേഖലയിൽ 54 എൽ.പി.എസും യു.പി.എസുമുണ്ട്. ഇതിനകം മിക്ക സ്കൂളുകളും അടിയന്തര അറ്റകുറ്റപ്പണികളും മറ്റ് ഭൗതിക സൗകര്യങ്ങളും ഒരുക്കിക്കഴിഞ്ഞു. കൂടുതൽ സ്കൂളുകളിലും പുതിയ കോൺക്രീറ്റ് കെട്ടിടങ്ങളായതിനാൽ ചോർച്ച അടക്കം പ്രശ്നങ്ങൾ ഉദിക്കുന്നില്ല. ഓടിട്ട പഴയ കെട്ടിടങ്ങൾ അപൂർവമായുള്ളത് പോലും തദ്ദേശസ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ അറ്റകുറ്റപ്പണിയും മറ്റും പൂർത്തിയായി. ചില സ്കൂളുകളിൽ പെയിന്‍റിങ് ചെയ്യുന്ന ജോലികൾ നടന്നുവരുന്നു. കുടിവെള്ളത്തിനും ആഹാരം പാചകം ചെയ്യാനുള്ളതുമായ കിണറുകളും എല്ലായിടത്തും വെള്ളം വറ്റിച്ച്​ വൃത്തിയാക്കി. ശുചിമുറികളുടെ കാര്യത്തിലും വൃത്തിയാക്കലടക്കം നടന്നുവരുന്നു. സ്കൂളുകൾക്ക് സ്വന്തമായി വാഹനമുണ്ടായിരുന്നത് രണ്ടുവർഷമായി മിക്കതും കുട്ടികൾക്കായി ഓടിയില്ല. ടാക്സും മറ്റ് അറ്റകുറ്റപ്പണികൾക്കും ടെസ്റ്റിങ്ങിനും ഇതുകാരണം വലിയ തുക കണ്ടെത്തേണ്ടിവന്നു. പി.ടി.എ കമ്മിറ്റികളുടെ സഹകരണത്തോടെ തുക കണ്ടെത്തി വാഹനവും ഇത്തവണ ആദ്യദിവസം തന്നെ ഓടിക്കാനുള്ള ശ്രമത്തിലാണ് സ്കൂൾ അധികൃതർ. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ കൂടുതൽ കുട്ടികൾ ഒന്നാം ക്ലാസിലും മറ്റും പ്രവേശനം നേടിയിട്ടുണ്ട്. എന്നാൽ, ഇതിനനുസരിച്ച് ക്ലാസ് മുറികൾ ഇല്ലാത്തത് ചില സ്കൂളുകളിൽ ബുദ്ധിമുട്ടുണ്ടാക്കും. തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ ഈ പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് സ്കൂൾ അധികൃതർ. അധ്യാപകരുടെ കുറവും പലയിടത്തുമുണ്ട്. ഇത്​ കണക്കിലെടുത്ത് ആദ്യത്തിൽതന്നെ അധ്യാപകരുടെ കുറവ് പരിഹരിക്കാൻ താൽക്കാലികക്കാരെ നിയമിക്കാനുള്ള നടപടിയും തുടങ്ങി. ഓരോ സ്കൂളിലെയും ഇല്ലായ്മകൾ സമയബന്ധിതമായി പരിഹരിക്കാൻ ഉപജില്ല ഓഫിസ് അധികൃതരും ജാഗ്രതയിലാണ് -------------------------------- അധികൃതരുടെ സ്കൂൾ സന്ദർശനം ഇന്ന് തുടങ്ങും -എ.ഇ.ഒ പുനലൂർ: പുനലൂർ വിദ്യാഭ്യാസ ഉപജില്ലയിലെ സ്കൂളുകളിലെ മുന്നൊരും വിലയിരുത്താൻ ചൊവ്വാഴ്ച മുതൽ സ്കൂൾ സന്ദർശിക്കുമെന്ന് പുനലൂർ എ.ഇ.ഒ ആർ. ഉണ്ണികൃഷ്ണൻ പറഞ്ഞു. കുട്ടികളുടെ സുരക്ഷക്ക് വേണ്ടതെല്ലാം ചെയ്യും. ഉപജില്ല ഓഫിസിലെയും ബി.ആർ.സിയിലെയും അധികൃതർ ഉൾപ്പെട്ട സംഘമാണ് സ്കൂളുകൾ സന്ദർശിക്കുന്നത്. എല്ലാ സ്കൂളുകളിയെയും അടിസ്ഥാന സൗകര്യങ്ങൾ, ഒരുക്കം ഇതിനകം പൂർത്തിയായി. ആദ്യഘട്ടത്തിൽ ചെയ്ത ശുചീകരണ പ്രവർത്തനങ്ങൾ സ്കൂൾ തുറക്കുന്നതിന് മുമ്പ് ഒന്നുകൂടി ചെയ്യാൻ നിർദേശം നൽകി. സ്കൂൾ കെട്ടിടങ്ങളുടെയും വാഹനങ്ങളുടെയും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കോപ്പി 27, 28 തീയതികളിൽ ഹാജരാക്കാൻ പ്രഥമാധ്യാപകർക്ക് നിർദേശം നൽകി. ഫിറ്റ്നസ് ഇല്ലാത്ത കെട്ടിടത്തിന് അനുമതി നൽകില്ല. അടുത്തിടെ വിളക്കുപാറയിൽ സ്കൂൾ ബസ് അപകടത്തിൽപെട്ടത് കണക്കിലെടുത്ത് വാഹനങ്ങളുടെ കാര്യത്തിലും കർശന നിർദേശം നൽകിയെന്നും എ.ഇ.ഒ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.