കൊട്ടാരക്കര: എം.സി റോഡിന് സമീപത്തെ ചെറിയ തോടുകൾ, കുളങ്ങൾ എന്നിവ വൃത്തിയാക്കാൻ ഫണ്ട് നീക്കിവെച്ചിട്ടുണ്ടെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. മഴക്കാലപൂർവ ശുചീകരണവുമായി ബന്ധപ്പെട്ട് കൊട്ടാരക്കര മണ്ഡല അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈമാസം 20 മുതൽ 30 വരെ തോട്, കിണർ, കുളം എന്നിവ ശുചീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ കുടുംബശ്രീ, ഹരിത കർമസേന, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പങ്കെടുക്കും. ഇവർക്കുപുറമെ മഴക്കാലപൂർവ ശുചീകരണ പരിപാടികളിൽ രാഷ്ട്രീയ പാർട്ടിക്കാർ, സാംസ്കാരിക സംഘടനകൾ, സ്റ്റുഡന്‍റ്സ് പൊലീസ്, എൻ.സി.സി, എൻ.എസ്.എസ്, യുവജനസംഘടനകൾ എന്നിവരെ പങ്കെടുപ്പിച്ച് പ്രവർത്തനം മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു. പുലമൺതോടിലെ മാലിന്യപ്രശ്നത്തിന് മന്ത്രി പരിഹാരം കാണണമെന്നും ശുചീകരണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്താൻ തീരുമാനിച്ചതായും നഗരസഭ ചെയർമാൻ എ. ഷാജു പറഞ്ഞു. കരീപ്ര, നെടുവത്തൂർ, മേലില, വെളിയം, എഴുകോൺ, കുളക്കട, ഉമ്മന്നൂർ, മൈലം പഞ്ചായത്തുകളിലെ പ്രസിഡന്‍റുമാർ പങ്കെടുത്തു. കരീപ്രയിൽ ഏലതോട് നവീകരിക്കുന്നത് ഈ ആഴ്ചയിൽ തുടങ്ങും. കിണർ റീചാർജിങ്ങിന് ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് പ്രസിഡന്‍റ് പ്രശോഭ പറഞ്ഞു. ഉമ്മന്നൂർ പഞ്ചായത്തിൽ മാലിന്യം തോടിലേക്ക് ഒഴുക്കുന്നവർക്കെതിരെ നോട്ടീസയച്ചു. ഹരിതകർമസേനകൾക്ക് വീടുകളിൽനിന്ന് പ്ലാസ്റ്റിക് ശേഖരിക്കാൻ സാധിക്കുന്നില്ലെന്ന പരാതി ഉയർന്നു. കുളക്കട, മേലില പഞ്ചായത്തുകളിൽ തെളിനീർ ഒഴുകും നവകേരളം തുടങ്ങിയെന്നും 20 മുതൽ തുടർ പ്രവർത്തനങ്ങൾ നടക്കുമെന്നും അറിയിച്ചു. എഴുകോണിൽ കുടിവെള്ള പ്രശ്നം നിലനിൽക്കുന്നുണ്ട്. എലിപ്പനി പകരുന്നത് തടയുന്നതിന് മരുന്നുകൾ വീടുകൾതോറും നൽകുന്നുണ്ട്. വെളിയം പഞ്ചായത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. മൈലം പഞ്ചായത്തിൽ 'ഇനി ഞാൻ ഒഴുകട്ടെ' പദ്ധതിയുടെ ഭാഗമായി തോട് നവീകരണ പ്രവർത്തനങ്ങൾ നടന്നുവരുന്നു. നെടുവത്തൂർ പഞ്ചായത്തിൽ ഒരു വാർഡിൽ 200 ചാക്ക് പ്ലാസ്റ്റിക് മാലിന്യം കെട്ടിക്കിടക്കുകയാണ്. നീക്കം ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സുമലാൽ, കൊട്ടാരക്കര തഹസിൽദാർ പി. ശുഭൻ, ശുചിത്വ മിഷൻ ജില്ല കോഓഡിനേറ്റർ സൗമ്യ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.