കൊച്ചി: കടൽ കയറ്റ ഭീഷണി നിലനിൽക്കുന്ന എടവനക്കാട് മേഖലയിലെ ജനങ്ങളുടെ ജീവിതം അധികൃതർ ഗൗരവത്തോടെ കാണണമെന്ന് ഹൈകോടതി. ഇവരുടെ ജീവിതം സുരക്ഷിതമാക്കാൻ ഇനിയെങ്കിലും നടപടിയുണ്ടാകണം. കടൽഭിത്തിയുടെ അഭാവം കാരണം ജീവനും സ്വത്തിനും നാശനഷ്ടമുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം ജലവിഭവ അഡീ. ചീഫ് സെക്രട്ടറിക്ക് ആയിരിക്കുമെന്നും കോടതി വ്യക്തമാക്കി.
തീര സംരക്ഷണം ഉറപ്പാക്കണമെന്നും കടൽ ഭിത്തി പുനർനിർമിക്കണമെന്നുമാവശ്യപ്പെട്ട് എടവനക്കാട് പഞ്ചായത്തിലെ ഒന്ന്, ഒമ്പത്, 13 വാർഡുകളിലെ താമസക്കാരായ ഇ.കെ. സലിഹരൻ, എസ്.വൈ. സംജാദ്, എം.ആർ ജോസഫ് ബേസിൽ എന്നിവരടക്കം നൽകിയ പൊതുതാൽപര്യ ഹരജിയാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് വി. എം. ശ്യാംകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. പതിവായി കടൽവെള്ളം കയറുന്ന എടവനക്കാട് മേഖലയിൽ കടൽഭിത്തി ശക്തിപ്പെടുത്തണമെന്നും അതിന് ഫണ്ട് കണ്ടെത്താൻ നടപടികൾ വേഗത്തിലാക്കണമെന്നും വ്യക്തമാക്കി കലക്ടർ സത്യവാങ്മൂലം നൽകിയിരുന്നു.
ഇതിനെല്ലാം എത്രസമയം വേണ്ടിവരുമെന്ന് അറിയിക്കാൻ കോടതി സർക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
എന്നാൽ, ജലവിഭവ അഡീ. ചീഫ് സെക്രട്ടറിയുടെ സത്യവാങ്മൂലത്തിൽ ഭരണതലത്തിലെ നടപടിക്രമങ്ങൾ വിശദീകരിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് കോടതി വിമർശിച്ചു.
ജനജീവിതം സുരക്ഷിതമാക്കാൻ അടിയന്തര ഇടപെടൽ വേണമെന്ന് ജില്ല ഭരണകൂടത്തിന് ബോധ്യമുണ്ടായിട്ടും പതിവുരീതിയിലുള്ള നടപടിക്രമങ്ങൾ ചൂണ്ടിക്കാട്ടി സത്യവാങ്മൂലം നൽകുന്നതിൽ കാര്യമില്ലെന്ന് കോടതി പറഞ്ഞു.
അടുത്ത മഴക്ക് മുമ്പ് നടപടി ഊർജിതമാക്കണമെന്നാണ് ഹരജിക്കാരുടെ ആവശ്യം. അടിയന്തര സാഹചര്യമുണ്ടായാൽ ഹരജിക്കാർക്ക് വീണ്ടും കോടതിയിൽ ഉന്നയിക്കാമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.