കെ. ​പ്ര​ശാ​ന്ത്

ഉദുമ സ്വദേശിയെ കപ്പലിൽനിന്ന് കാണാതായി

ഉദുമ: കാസർകോട് ജില്ലക്കാരെ പരിഭ്രാന്തിയിലാക്കി കപ്പലിൽനിന്ന് വീണ്ടുമൊരു മിസിങ് വാർത്ത. ഉദുമ മുക്കുന്നോത്തെ കെ. പ്രശാന്തിനെ (44) കപ്പലിൽനിന്ന് കാണാതായെന്ന് അറിയിച്ചുകൊണ്ടുള്ള ഫോൺ സന്ദേശം ശനിയാഴ്ച ഉച്ചയോടെയാണ്‌ ഭാര്യ ഷാനിക്ക് കപ്പൽ കമ്പനിയിൽനിന്ന് കിട്ടുന്നത്. പിന്നീട് ബന്ധപ്പെട്ടപ്പോൾ മിസിങ് വാർത്ത സ്ഥിരീകരിച്ചു. കമ്പനി ഈ വിവരം മുംബൈയിലെ ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ്ങിനേയും ജീവനക്കാരുടെ സംഘടനയായ ന്യൂസിയേയും ഇതിനകം അറിയിച്ചിട്ടുണ്ട്.

ചെന്നൈ ആസ്ഥാനമായുള്ള 'സിനർജി ഷിപ്പിങ് മാനേജ്മെന്റ്' കമ്പനിയുടെ കപ്പലിൽ ജോലിയിൽ പ്രവേശിക്കാൻ ഏപ്രിൽ 20നാണ് പ്രശാന്ത് മംഗളൂരുവിൽനിന്ന് വിമാനമാർഗം മുംബൈക്ക് പോയത്. ആ കമ്പനിയുടെ 'ജൻകോ എന്റെർപ്രൈസ്' എന്ന ചരക്ക് കപ്പലിൽ എ ബി റാങ്കിൽ ജോലിയിൽ പ്രവേശിക്കാൻ 23ന് മുംബൈയിൽനിന്ന് സിങ്കപ്പൂരിലേക്ക് യാത്രതിരിച്ചു. 24ന് കപ്പലിൽ കയറി. അടുത്ത തുറമുഖം ലക്ഷ്യമാക്കിയുള്ള യാത്രാമധ്യേ ഇന്ധനം നിറക്കാനാണ് കപ്പൽ സിങ്കപ്പൂരിലെത്തിയതെന്നാണ് വിവരം.

സ്വന്തമായി സിം കാർഡ് ഇല്ലാത്തതിനാൽ സഹപ്രവർത്തകന്റെ ഫോണിൽനിന്ന് 28ന് ഫോണിൽ സംസാരിച്ചിരുന്നുവെന്നും പ്രശാന്ത് ഏറെ സന്തോഷവാനായിരുന്നുവെന്നും സുഖവിവരങ്ങൾ കൈമാറിയെന്നും ഭാര്യ പറഞ്ഞു. അടുത്ത ദിവസം സംസാരിക്കാമെന്ന് പറഞ്ഞിരുന്നു. 30ന് ഉച്ചയോടെയാണ്‌ സിനർജി ഷിപ് മാനേജ്മെന്റ് കമ്പനിയുടെ ചെന്നൈ ഓഫിസിൽനിന്ന്, പ്രശാന്തിനെ കപ്പലിൽനിന്ന് കാണാതായെന്ന് അറിയിച്ചുകൊണ്ടുള്ള ഫോൺ വിളി വന്നതെന്ന് ഷാനി പറഞ്ഞു. പ്രശാന്തിനെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണെന്നും ഞായറാഴ്ച വീണ്ടും വിവരമെത്തി. ശുഭവാർത്തക്കായി ഷാനിയും ഒമ്പതാം ക്ലാസുകാരി നേഹയും കൊച്ചനിയത്തി നിവേദ്യയും ഒപ്പം ബന്ധുക്കളും കാത്തിരിപ്പ് തുടരുകയാണ്.

Tags:    
News Summary - Uduma native missing from ship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.