ഉദുമ: ജില്ല പഞ്ചായത്ത് - ജില്ലാ വ്യവസായ കേന്ദ്രം സംഘടിപ്പിച്ച റൈസിങ് കാസർകോട് നിക്ഷേപക സംഗമത്തിലൂടെ ജില്ലയിൽ 282 കോടി രൂപയുടെ നിക്ഷേപം ലഭിച്ചതായി ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. 300 കോടി രൂപയുടെ പ്രവാസി ടൗൺഷിപ് നിർമിക്കാൻ പ്രവാസി ചേംബർ ഓഫ് കോമേഴ്സ് മുന്നോട്ടു വന്നിട്ടുണ്ട്.
ആദ്യദിനം നൂറോളം നിക്ഷേപകർക്ക് മുന്നിൽ തിരഞ്ഞെടുക്കപ്പെട്ട 22 പ്രോജക്ടുകൾ അവതരിപ്പിക്കപ്പെട്ടു. നിക്ഷേപകർക്ക് അവർ തിരഞ്ഞെടുക്കുന്ന പ്രോജക്ടുകൾ സംരംഭങ്ങൾ ആക്കി മാറ്റാനുള്ള പിന്തുണ സംവിധാനം ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തിൽ രൂപീവത്കരിച്ചു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷയായും, ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ കൺവീനറുമായ സമിതിയിൽ വിവിധ വകുപ്പുകളുടെയും ഏജൻസികളുടെയും പ്രതിനിധികൾ അംഗങ്ങൾ ആയിരിക്കും.നിക്ഷേപക സംഗമത്തിൽ വിവിധ മേഖലകളിൽ നിക്ഷേപ താൽപര്യം അറിയിച്ച സംരംഭകർക്കായി വരും ദിവസങ്ങളിൽ പ്രത്യേകം യോഗം ചേരും. അടുത്ത ഒരു വർഷത്തിനുള്ളിൽ 1000 കോടി രൂപയുടെ നിക്ഷേപമാണ് ജില്ലയിൽ പ്രതീക്ഷിക്കുന്നത്.
ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ. സജിത്ത് കുമാർ , ജില്ല വ്യവസായ കേന്ദ്രം അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ആദിൽ മുഹമ്മദ്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. മനു , ജില്ല പഞ്ചായത്ത് അംഗങ്ങളായ സി.ജെ. സജിത്ത്, ജോമോൻ ജോസ്, ജാസ്മിൻ കബീർ, ഷിനോജ് ചാക്കോ, ജില്ല പഞ്ചായത്ത് സെക്രട്ടറി പി.കെ. സജീവ്, നവകേരളം ജില്ല മിഷൻ കോഒർഡിനേറ്റർ കെ. ബാലകൃഷ്ണൻ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.