ഡോ. സാലിഹ് മുണ്ടോൾ ഉദുമ പുതിയനിരം റോഡരികിൽ വർഷങ്ങൾക്ക് മുമ്പ് നട്ട മരങ്ങൾ
ഉദുമ: ഒരു കാലഘട്ടത്തിൽ ഉദുമയിലെയും പാലക്കുന്നിലെയും ആകെ മനുഷ്യരുടെ ഏക ആശ്രയമായിരുന്നു മുണ്ടോൾ ഡോക്ടർ. അലോപ്പതി മരുന്നുകൾക്കപ്പുറത്തേക്ക് മനഃശാസ്ത്രപരമായ സമീപനങ്ങളിലൂടെ രോഗം മാറ്റാൻ ശ്രമിച്ച ആരോഗ്യ മേഖലയിൽ വലിയ സംഭാവനകൾ ചെയ്ത മനുഷ്യനാണ് ഡോ. സാലിഹ് മുണ്ടോൾ. രോഗങ്ങൾക്കുള്ള ഏതു സംശയങ്ങൾക്കും ഡോക്ടർ ആശ്രയമായിരുന്നു. പാലക്കുന്നിൽനിന്നും ഉദുമയിലേക്ക് സഞ്ചരിക്കുമ്പോൾ റോഡരികിൽ കാണുന്ന പല മരങ്ങളും അദ്ദേഹം വെച്ചു പിടിപ്പിച്ചതാണ്. ജനങ്ങൾക്ക് തണലും ഓക്സിജനും കിട്ടാൻ വേണ്ടിയാണ് അദ്ദേഹം ശ്രമിച്ചത്.
നിശ്ശബ്ദനായിനിന്നു കൊണ്ട് മനുഷ്യെൻറ കാവലാളായിനിന്ന വലിയ മനസ്സിെൻറ ഉടമയായിരുന്ന ഡോക്ടറുടെ മരണം ഉദുമക്കാർക്ക് വലിയ നഷ്ടം തന്നെയാണ്. ആഗ്രഹിച്ചു സ്വന്തമാക്കിയ സ്വന്തം പ്രഫഷൻ സമൂഹത്തിന് എത്രത്തോളം ഗുണകരമാക്കാം എന്ന നിസ്വാർഥമായ ചിന്തയാണ് ഡോക്ടറെ വ്യത്യസ്തനാക്കിയത്. മരുന്നുകളല്ല മനുഷ്യെൻറ ഇച്ഛാശക്തിയാണ് രോഗശാന്തിക്കുള്ള എളുപ്പമാർഗമെന്ന് മനസ്സിലാക്കിയ അദ്ദേഹം രോഗികളെ മനഃശാസ്ത്രപരമായി കൈകാര്യം ചെയ്യുകയും പൂർവാധികം വിജയിക്കുകയും ചെയ്തു. പഴയ കാലഘട്ടത്തിൽ പ്രത്യേക വിഷയത്തിൽ സ്പെഷലൈസ് ചെയ്ത ഭിഷഗ്വരന്മാർ നാട്ടിലുണ്ടായിരുന്നില്ല. എങ്കിലും ഡോക്ടർ നൽകിയിരുന്ന ഉപദേശങ്ങളും, ചികിത്സയും ഏതുതരം രോഗികൾക്കും വലിയ ആശ്വാസം നൽകിയിട്ടുണ്ട്.
പ്രകൃതിസ്നേഹി കൂടിയായിരുന്നു അദ്ദേഹം. ഉദുമയിലെ നഴ്സിങ് ഹോമിന് പുറത്തും പരിസരത്തുമായി നിരവധി ഔഷധസസ്യങ്ങളും തണൽ മരങ്ങളും വെച്ചുപിടിപ്പിക്കുകയുണ്ടായി. വാർധക്യ സഹജമായ രോഗമൂലം വർഷങ്ങളായി മഞ്ചേരിയിലുള്ള മകളുടെ വീട്ടിലായിരുന്നു വിശ്രമം. അവിടെയായിരുന്നു അന്ത്യവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.