ഓപറേഷന്‍ ഗജക്കു പുറമെ ആനയെ തുരത്താന്‍ പുതിയ പദ്ധതി

കാസർകോട്​: കാട്ടാനകളുടെ ശല്യത്താല്‍ കഷ്​ടപ്പെടുന്ന കര്‍ഷകര്‍ക്കായി ഓപറേഷന്‍ ഗജക്ക് പുറമെ ആനയെ തുരത്താന്‍ പുതിയ പദ്ധതിയും. 3.5 കോടി രൂപ വകയിരുത്തിയ പദ്ധതിയുടെ പ്രാരംഭ നടപടി ജില്ലയില്‍ പുരോഗമിക്കുകയാണെന്ന് കലക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു. കാസര്‍കോട് താലൂക്ക് ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാട്ടുപന്നിയെ തുരത്താന്‍ ഓരോ പ്രദേശത്തും അനുമതിയുള്ളവര്‍ക്ക് വെടിവെച്ച​ു കൊല്ലാമെന്നും കലക്ടര്‍ പറഞ്ഞു. കാട്ടുമൃഗങ്ങള്‍ നശിപ്പിച്ച വിളകള്‍ക്ക് നഷ്​ടപരിഹാരം ആവശ്യപ്പെട്ട് കലക്ടറുടെ പരാതി പരിഹാര അദാലത്തിലെത്തിയ കുണ്ടംകുഴിയിലെ കര്‍ഷകന്‍ വെങ്കിട്ട കൃഷ്ണഭട്ടിന് നഷ്​ടപരിഹാരം ലഭിക്കുമെന്ന് അറിയിച്ചു. ഇരുവശവും വനമേഖലയാല്‍ ചുറ്റപ്പെട്ട ഭട്ടി​‍ൻെറ കൃഷിയിടത്തിലെ പ്രധാന ശല്യം കുരങ്ങാണ്. ഇവയെ പിടിച്ച് വന്ധ്യംകരിക്കാനായി കൂടുകള്‍ സ്ഥാപിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. മുന്നാട് വില്ലേജില്‍ താമസിക്കുന്ന പൂക്കുന്നത്ത് സുകുമാര​‍ൻെറ കൈവശമുള്ള ഭൂമി അളന്ന് 15നകം പട്ടയം നല്‍കാന്‍ അദാലത്തില്‍ തീരുമാനമായി. 80 വര്‍ഷമായി താമസിക്കുന്ന ഭൂമിക്ക് പട്ടയം ലഭിക്കാത്ത എടനീര്‍ നാരായണനും 60 വര്‍ഷമായി താമസിക്കുന്ന ഭൂമിക്ക് പട്ടയം ലഭിക്കാത്ത ബോവിക്കാനത്തെ അമ്മന്‍കോട് അബൂബക്കറിനും പട്ടയം ലഭിക്കും. അദാലത്തില്‍ 31 പരാതികളാണ് പരിഗണിച്ചത്. എല്ലാ പരാതികള്‍ക്കും നടപടി സ്വീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.