അധ്യാപക ഒഴിവുകൾ നികത്തണം -എ.കെ.എസ്.ടി.യു

കാസർകോട്​: 2021 മാർച്ച് 17 മുതൽ ആരംഭിക്കുന്ന ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി, എസ്.എസ്.എൽ.സി പരീക്ഷയുമായി ബന്ധപ്പെട്ട് ജനുവരി ഒന്നുമുതൽ സ്കൂളുകളിൽ കുട്ടികളുടെ സംശയ നിവാരണം നടന്നുവരുകയാണ്. ജില്ലയിലെ വലിയ തോതിലുള്ള അധ്യാപക ക്ഷാമം ഇതിന് വിഘാതം സൃഷ്​ടിക്കുന്നതായി ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ (എ.കെ.എസ്.ടി.യു) ജില്ല എക്സി. യോഗം വിലയിരുത്തി. ജില്ലയിൽ ഹയർ സെക്കൻഡറി മേഖലയിൽ 22 പ്രിൻസിപ്പൽമാരുടെയും 300ലേറെ അധ്യാപകരുടെയും ഒഴിവുണ്ട്. വൊക്കേഷനൽ ഹയർ സെക്കൻഡറിയിൽ എവിടെയും സ്ഥിരം പ്രിൻസിപ്പൽമാരില്ലെന്നു മാത്രമല്ല, വിരലിലെണ്ണാവുന്ന അധ്യാപകർ മാത്രമേയുള്ളൂ. ഹൈസ്കൂൾ മേഖലയിൽ 198 അധ്യാപകരുടെ ഒഴിവ് നിലനിൽക്കുന്നു. 2020 ഫെബ്രുവരി മുതൽ നിയമന ഉത്തരവ് ലഭിച്ച നൂറുകണക്കിന് അധ്യാപക ഉദ്യോഗാർഥികൾ ഉണ്ടെങ്കിലും അവരെ ജോലിയിൽ പ്രവേശിപ്പിക്കാൻ അനുമതിയായിട്ടില്ല. സർക്കാർ വിഭാവനം ചെയ്യുന്ന പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം സാർഥകമാക്കാൻ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി മേഖലയിൽ ഒഴിവുള്ള മുഴുവൻ അധ്യാപക തസ്തികകളിലും ഉടൻ നിയമനം പൂർത്തിയാക്കണമെന്നും, ഹൈസ്​കൂൾ മേഖലയിൽ സ്ഥലംമാറ്റം പൂർത്തിയാക്കി ഒഴിവുവരുന്ന സ്ഥലങ്ങളിലേക്ക് നിയമന ഉത്തരവ് നൽകിയവരെ നിയമിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ വിനയൻ കല്ലത്ത് അധ്യക്ഷത വഹിച്ചു. എ.കെ.എസ്.ടി.യു സംസ്ഥാന സെക്ര​േട്ടറിയറ്റംഗം കെ.പത്മനാഭൻ, കെ. വിനോദ് കുമാർ, സുനിൽകുമാർ കരിച്ചേരി, പി. രാജഗോപാലൻ, എം.ടി. രാജീവൻ, ജയൻ നീലേശ്വരം, ടി.എ. അജയകുമാർ, കെ. അനിത, എ. സജയൻ, കെ. താജുദ്ദീൻ, രാജേഷ് ഓൾനടിയൻ, വി. ഹേമമാലിനി, എം. വിനോദ് കുമാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.