അഴിത്തലയിൽ ആമക്കൂട് കണ്ടെത്തി

നീലേശ്വരം: തൈക്കടപ്പുറം കടലോരത്ത് ഈ സീസണിലെ ആദ്യ ആമക്കൂട് കണ്ടെത്തി. നെയ്​തലിനുവേണ്ടി അഴിത്തല തീരത്ത് നിരീക്ഷണം നടത്തുന്ന പി.കെ. പവനനാണ് കൂട് കണ്ടെത്തിയത്. 151 മുട്ടകൾ അടങ്ങിയ വലിയ കൂടാണിത്​. കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർ ബനീഷ് രാജ്, നീലേശ്വരം നഗരസഭ കൗൺസിലർ കെ.വി. ശശികുമാർ, നെയ്തൽ പ്രവർത്തകരായ കെ. രാധാകൃഷ്ണൻ, എം.വി. തമ്പാൻ, എ. പ്രദീപൻ എന്നിവർ ചേർന്ന് മുട്ടകൾ തൈക്കടപ്പുറം നെയ്തൽ ഹാച്ചറിയിൽ സൂക്ഷിച്ചു. ഒലിവ് റിഡ്‌ലി വിഭാഗത്തിൽപ്പെട്ട ആമമുട്ടകൾ 40-60 ദിവസങ്ങൾക്കിടയിലാണ് വിരിഞ്ഞു പുറത്തുവരുന്നത്. കേരളതീരത്ത് ഏറ്റവും ദുർബലമായ സീസണാണ് ഈ വർഷം അനുഭവപ്പെടുന്നത്. ആകെ ആറു കൂടുകളാണ് ഇതുവരെയായി കണ്ടെത്തിയത്. മുട്ടയിടാൻ തീരക്കടൽ തേടിയെത്തുന്ന മുതിർന്ന ആമകൾ, കടലിൽ ഉപേക്ഷിക്കുന്ന ചെകുത്താൻ വലകളിൽ കുടുങ്ങി ചത്തുപോകുന്നത് ഈ അടുത്തകാലത്തായി കൂടിവരുകയാണ്. അധികൃതർ ശക്തമായി ഇടപെട്ടില്ലെങ്കിൽ കേരളതീരം ഒലിവ് റിഡ്‌ലിയുടെ വംശനാശത്തിന് കാരണമാകുമെന്ന് നെയ്തൽ പ്രസിഡൻറ്​ കെ. പ്രവീൺ കുമാർ പറഞ്ഞു. കഴിഞ്ഞ മൺസൂൺ കാലത്ത് മാത്രം ഇരുപതോളം ആമകൾ കടപ്പുറത്തും സമീപ തീരങ്ങളിലുമായി ഇത്തരം വലകളിൽ കുടുങ്ങി അവശനിലയിൽ കരക്കെത്തിയിരുന്നു. മാർച്ച്‌ വരെ നീളുന്ന സീസണിൽ ഇനിയും മുട്ടകൾ കിട്ടും എന്ന പ്രതീക്ഷയിലാണ് നെയ്തൽ പ്രവർത്തകർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.