സി.പി.എം -ബി.ജെ.പി കൂട്ടുകെട്ട് ജില്ല കമ്മിറ്റികളുടെ അറിവോടെ - എ. അബ്​ദുറഹ്മാൻ

കാസർകോട്​: തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിലും ത്രിതല പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പിലും നടപ്പാക്കിയ സി.പി.എം-ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ട് ഇരു പാർട്ടികളുടെയും ജില്ല കമ്മിറ്റികളുടെ തീരുമാന പ്രകാരമാണെന്ന് മുസ്​ലിംലീഗ് ജില്ല ജനറൽ സെക്രട്ടറി എ. അബ്​ദുറഹ്മാൻ പറഞ്ഞു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെയും ബി.ജെ.പിയെയും ഒരുപോലെ മാറ്റിനിർത്തുകയെന്നത് പരസ്യനിലപാടായിരുന്നുവെങ്കിലും രഹസ്യമായി ബി.ജെ.പിയെ സഹായിക്കുന്ന നിലപാടായിരുന്നു പല സ്ഥലത്തും സി.പി.എം സ്വീകരിച്ചത്. പ്രഖ്യാപിത നയങ്ങൾക്കു വിരുദ്ധമായി എക്കാലവും നിലപാട് സ്വീകരിച്ചിട്ടുള്ള സി.പി.എമ്മാണ് ബി.ജെ.പിയുടെ വളർച്ചയുടെ ചാലകശക്തി. ജനങ്ങളെ കബളിപ്പിക്കാൻ എന്നും വർഗീയ-തീവ്രവാദ വിരുദ്ധ പ്രസംഗം നടത്തുന്ന സി.പി.എം ത്രിതല പഞ്ചായത്ത് സ്ഥിരം സമിതികളിൽ പോലും അധികാരത്തിനുവേണ്ടി സംഘ്പരിവാർ സംഘടനകളെ വാരിപ്പുണരുന്ന കാഴ്ചയാണ്. കാസർകോട് നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കൂടുതൽ ബി.ജെ.പി അംഗങ്ങൾക്ക് ജയിച്ചുവരാനുള്ള സാഹചര്യമൊരുക്കാൻ സി.പി.എം അംഗവും സ്വതന്ത്രരും വോട്ടെടുപ്പിൽനിന്ന്​ മാറി നിൽക്കുകയായിരുന്നു. കാസർകോട് നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ സ്ഥാനം ബി.ജെ.പിക്ക് ലഭിച്ചാൽ പൂർണ ഉത്തരവാദിത്തം സി.പി.എമ്മിനും സ്വതന്ത്രന്മാർക്കുമായിരിക്കുമെന്നും അബ്​ദുറഹ്​മാൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.