കല്യാണത്തിനും മറ്റു ചടങ്ങുകള്‍ക്കും തദ്ദേശ സ്ഥാപനത്തി​െൻറ മുന്‍കൂര്‍ അനുമതി നിര്‍ബന്ധം - ജില്ല കലക്ടര്‍

കല്യാണത്തിനും മറ്റു ചടങ്ങുകള്‍ക്കും തദ്ദേശ സ്ഥാപനത്തി​ൻെറ മുന്‍കൂര്‍ അനുമതി നിര്‍ബന്ധം - ജില്ല കലക്ടര്‍ കാസർകോട്​: തദ്ദേശ സ്ഥാപനത്തി​ൻെറ മുന്‍കൂര്‍ അനുമതിയോടെ മാത്രമേ കല്യാണങ്ങളും മറ്റ് ചടങ്ങുകളും നടത്താന്‍ പാടുള്ളൂവെന്ന് കലക്ടര്‍ ഡോ.ഡി. സജിത് ബാബു പറഞ്ഞു. വിഡിയോ കോണ്‍ഫറന്‍സ് വഴി സംഘടിപ്പിച്ച ജില്ലതല കൊറോണ കോര്‍ കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ മാര്‍ഗ നിര്‍ദേശങ്ങള്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങളും കൃത്യമായി പാലിക്കണം. ഇപ്രകാരം അനുമതി നല്‍കുമ്പോള്‍ ബന്ധപ്പെട്ട പൊലീസ് സ്​റ്റേഷനിലെ ഹൗസ് ഓഫിസറെയും ആരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടറെയും അറിയിക്കണം. വിശദമായ നിര്‍ദേശം നല്‍കുന്നതിന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തി. ബ്രിട്ടണ്‍, ഇറ്റലി എന്നീ രാജ്യങ്ങളില്‍ അതിതീവ്ര വ്യാപന സാധ്യതയുള്ള കോവിഡ് റിപ്പോര്‍ട്ട് ചെയ്തതി​ൻെറ പശ്ചാത്തലത്തില്‍ വിദേശത്തുനിന്ന് വരുന്നവരെ കണ്ടെത്തി ക്വാറൻറീനില്‍ പാര്‍പ്പിക്കുന്നതിന് അതി ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ പറഞ്ഞു. ഇതിനായി തിരിച്ചുവരുന്നവരുടെ വിവരങ്ങള്‍ പൊലീസ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവര്‍ക്ക് വാട്സ് ആപ് മുഖേന കൈമാറുമെന്നും മംഗളൂരു വിമാനത്താവളത്തിലൂടെ മടങ്ങിയെത്തുന്നവരുടെ വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് ദക്ഷിണ കന്നട ഡെപ്യൂട്ടി കമീഷണറുയുമായി ആശയവിനിമയം നടത്തുമെന്നും കലക്ടര്‍ പറഞ്ഞു. കോവിഡ് പ്രതിരോധത്തി​ൻെറ ഭാഗമായുള്ള എല്ലാ നടപടികളും കര്‍ശനമായി തുടരും. ആള്‍ക്കൂട്ടങ്ങളോ ആഘോഷ പരിപാടികളോ ടൂര്‍ണമൻെറുകളോ നടത്താന്‍ അനുമതി നല്‍കുന്നതല്ല. ജില്ലയിലെ പല പ്രദേശത്തും രാത്രി ഒമ്പതിന്ശേഷവും തട്ടുകടകള്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്​. ഇക്കാര്യത്തില്‍ പൊലീസ് കര്‍ശന നടപടി സ്വീകരിക്കണം. ഹയര്‍ സെക്കൻഡറി, ഹൈസ്‌കൂള്‍ അധ്യാപകര്‍ക്ക് സ്‌കൂള്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ചുമതലകള്‍ ഉള്ളതിനാല്‍ ഡി.ഡി.ഇയുടെ അപേക്ഷ പ്രകാരം ഈ അധ്യാപകരെ മാഷ് പദ്ധതിയുടെ ചുമതലകളില്‍ നിന്ന് ഒഴിവാക്കും. എന്നാല്‍, പ്രൈമറി അധ്യാപകരെ ഉപയോഗപ്പെടുത്തി കൂടുതല്‍ ഊർജിതമായി പദ്ധതി തുടരുന്നതിന് നടപടി സ്വീകരിക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. ലൈറ്റ് ആൻഡ്​​ സൗണ്ട് ഷോക്ക്​ നിയന്ത്രണം ബേക്കല്‍ കോട്ടയില്‍ ആരംഭിച്ചിട്ടുള്ള ലൈറ്റ് ആൻഡ്​​ സൗണ്ട് ഷോ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമേ നടത്തൂ. പരമാവധി 100 പേര്‍ക്ക് മാത്രം പ്രവേശനം അനുവദിക്കേണ്ടതുമാണെന്ന് കലക്ടര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.