വികസന പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കാൻ പ്രയത്​നിക്കും -എൽ.ഡി.എഫ്‌

കാസർകോട്‌: വികസന-ക്ഷേമ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമായി ജനങ്ങളിലെത്തിക്കാൻ തെരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലൂടെ പ്രയത്നിക്കുമെന്ന്‌ എൽ.ഡി.എഫ്‌ നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. എൽ.ഡി.എഫ്‌ മുന്നണി സംവിധാനം കൂടുതൽ ശക്​തിപ്പെടുത്തിയതും സംസ്ഥാന സർക്കാർ നടപ്പാക്കിയ സമാനതകളില്ലാത്ത വികസന-ക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിൽ ചെലുത്തിയ സ്വാധീനവും വർഗീയതക്കെതിരെ സ്വീകരിച്ച ഉറച്ച രാഷ്‌ട്രീയ നിലപാടുകളും ജില്ലയിൽ എൽ.ഡി.എഫ്‌ മുന്നേറ്റത്തിന്‌ വഴിയൊരുക്കിയതായി ജില്ല കൺവീനർ കെ.പി. സതീഷ്‌ചന്ദ്രൻ പറഞ്ഞു. ജില്ല, ബ്ലോക്ക്‌, ഗ്രാമ പഞ്ചായത്ത്‌, നഗരസഭ തലങ്ങളിൽ മികച്ച വിജയം സമ്മാനിച്ച വോട്ടർമാർക്കും ബഹുജനങ്ങൾക്കും അഭിവാദ്യം അർപ്പിച്ചു. ജില്ലയിൽ എൽ.ഡി.എഫിന്‌ വോട്ടും വോട്ടിങ് ശതമാനവും വർധിച്ചു. കഴിഞ്ഞ തവണ നഷ്​ടപ്പെട്ട ജില്ല പഞ്ചായത്ത്‌ ഭരണം തിരിച്ചു പിടിക്കുകയും യു.ഡി.എഫ്‌ ശക്​തികേന്ദ്രമായ ചെങ്കളയിൽ അട്ടിമറി വിജയം നേടാനുമായി. ജില്ലയിൽ എൽ.ഡി.എഫിനുണ്ടായ നേട്ടം യു.ഡി.എഫിന്‌ കനത്ത തിരിച്ചടിയായി. ആറ്‌ ബ്ലോക്ക്‌ പഞ്ചായത്തുകളിൽ നാലിലും വിജയം നേടി. വെസ്‌റ്റ്‌ എളേരി, പുല്ലൂർപെരിയ പഞ്ചായത്തുകൾ നഷ്​ടമായെങ്കിലും കുറ്റിക്കോൽ, ഉദുമ, വലിയപറമ്പ്‌ പഞ്ചായത്തുകൾ തിരിച്ചുപിടിച്ചു. എൽ.ഡി.എഫ്‌ സ്വാധീനം താരതമ്യേന കുറഞ്ഞ മഞ്ചേശ്വരം, കാസർകോട്‌ നിയോജക മണ്ഡലങ്ങളിലെ ഗ്രാമ വാർഡുകളിൽ നല്ല മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞു. മഞ്ചേശ്വരം പഞ്ചായത്തിൽ വർഷങ്ങൾക്കുശേഷം എൽ.ഡി.ഫും സ്വതന്ത്രന്മാരും ചേർന്ന്​ നാലു സീറ്റുകൾ നേടി. വോർക്കാടി പഞ്ചായത്തിൽ കൂടുതൽ സീറ്റ്‌ നേടി ഒറ്റക്കക്ഷിയായി. ബദിയടുക്ക, കുമ്പള, ചെങ്കള പഞ്ചായത്തുകളിൽ നില മെച്ചപ്പെടുത്തി. കാഞ്ഞങ്ങാട്‌, നീലേശ്വരം നഗരസഭകളിൽ കൂടുതൽ സീറ്റ്‌ നേടി. വിജയത്തിൽ അഹങ്കരിക്കാതെ വികസനവും ക്ഷേമപദ്ധതികളും കൂടുതൽ ഫലപ്രദമായി ജനങ്ങളിലെത്തിക്കാൻ ജനപ്രതിനിധികളും ജനപക്ഷ നിലപാട്‌ സ്വീകരിച്ച്​ എൽ.ഡി.എഫും പ്രവർത്തിക്കുമെന്നും നേതാക്കൾ പറഞ്ഞു. ഗോവിന്ദൻ പള്ളിക്കാപ്പിൽ, എം. അനന്തൻ നമ്പ്യാർ, പി.ടി. നന്ദകുമാർ, മൊയ്‌തീൻകുഞ്ഞി കളനാട്‌, ഡോ. ഖാദർ, വി.വി. കൃഷ്‌ണൻ, സണ്ണി അരമന, ടി.വി. ബാലകൃഷ്‌ണൻ, കുര്യാക്കോസ്‌ പ്ലാപ്പറമ്പിൽ, സിദ്ദീഖലി മൊഗ്രാൽ, ഇ.വി. ഗണേശൻ എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.