അജാനൂരിൽ പോര്​ മുറുകി

കാഞ്ഞങ്ങാട്​: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്​ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ അജാനൂർ പഞ്ചായത്തിൽ പോര്​ മുറുകി. ഭരണതുടർച്ചക്കായി എൽ.ഡി.എഫും ഭരണം തിരിച്ചുപിടിക്കാൻ യു.ഡി.എഫും നിർണായക ശക്തിയാവാൻ ബി.ജെ.പിയും ഒരുപോലെ രംഗത്തിറങ്ങിയതോടെ തീരദേശ മേഖലയിലുൾപ്പെടെ കനത്ത മത്സരമാണ്​ നടക്കുക. ആകെയുള്ള 23 വാർഡുകളിൽ 11 പേരുടെ പിന്തുണയോടെയാണ് കഴിഞ്ഞ തവണ എൽ.ഡി.എഫ് അധികാരത്തിലെത്തിയത്. 10 സീറ്റുകളിൽ സി.പി.എമ്മും ഒരു സീറ്റിൽ സി.പി.ഐയുമാണ് എൽ.ഡി.എഫിൻെറ കക്ഷി നില. എട്ടു സീറ്റിൽ യു.ഡി.എഫും നാല് സീറ്റിൽ ബി.ജെ.പിയുമാണ് വിജയം നേടിയത്. യു.ഡി.എഫിൽ ഏഴ് സീറ്റിൽ വിജയിച്ച മുസ്​ലിം ലീഗിനാണ് ഇവിടെ ആധിപത്യം. 16ാം വാർഡിൽ മാത്രമാണ് കോൺഗ്രസ് പ്രതിനിധി വിജയം നേടിയത്. ബി.ജെ.പി പ്രസിഡൻറ്​, വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പുകളിൽനിന്ന് വിട്ടുനിന്നതോടെയാണ് കഴിഞ്ഞ തവണ എൽ.ഡി.എഫ് ഭരണത്തിലെത്തിയത്. 2015ൽ യു.ഡി.എഫിൻെറ കൈവശമുണ്ടായിരുന്ന വെള്ളിക്കോത്ത്, കാട്ടുകുളങ്ങര വാർഡുകളിൽ എൽ.ഡി.എഫ് നേടിയ അട്ടിമറി വിജയമാണ് എൽ.ഡി.എഫിന് 11 സീറ്റുകളിൽ വിജയം നേടാനിടയാക്കിയത്. ഇക്കുറി രണ്ട് വാർഡുകളും തിരിച്ചുപിടിക്കുന്നതിലൂടെ പഞ്ചായത്ത് ഭരണം തങ്ങളുടെ കൈകളിൽ ദദ്രമാകുമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടൽ. വെള്ളിക്കോത്ത്​ വാർഡിൽ സുപരിചിതനും റിട്ട. അധ്യാപകനുമായ കൃഷ്​ണൻ മാസ്​റ്ററെ രംഗത്തിറക്കി വാർഡ്​ നിലനിർത്താനാണ്​ എൽ.ഡി.എഫ്​ ശ്രമം. അതേ സമയം മുൻ പഞ്ചായത്ത്​ വൈസ്​ പ്രസിഡൻറ്​ കൂടിയായ ബാലകൃഷ്​ണനെ നിർത്തി വാർഡ്​ പിടിച്ചെടുക്കാനാണ്​ യു.ഡി.എഫ്​ ശ്രമം. വെള്ളിക്കോത്ത്​ വാർഡിലെ ജനവിധി പഞ്ചായത്ത്​ ഭരണത്തെപ്പോലും സ്വാധീനിക്കു​മെന്നതിനാൽ ഇവിടെ ശക്തമായ പോരാട്ടമാണ്​ നടക്കുന്നത്​. സി.പി.എം പാർട്ടി ഗ്രാമമായി അറിയപ്പെടുന്ന അജാനൂരിൽ ഭരണം നഷ്​ടപ്പെടുകയെന്നത്​ എൽ.ഡി.എഫിനും പ്രത്യേകിച്ച്​ സി.പി.എമ്മിനും വലിയ തിരിച്ചടിയാകും. എന്നാൽ, ബി.ജെ.പി പിന്തുണയോടെ യു.ഡി.എഫ്​ അധികാരത്തിലെത്തിയാൽ ഇത്​ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ പ്രധാന ചർച്ചാ വിഷയമാവുകയും ചെയ്യും. ആകെയുള്ള 23 സീറ്റിൽ 12ലും വിജയിച്ച്​ അധികാരത്തിലെത്തുമെന്നാണ്​ ഇടതുപക്ഷ നേതാക്കളുടെ ആത്മവിശ്വാസം. എന്നാൽ, കഴിഞ്ഞ തവണ നിസ്സാര വോട്ടുകൾക്ക്​ നഷ്​ടമായ വാർഡുകൾ കൂടി തിരിച്ചുപിടിക്കുന്നതിലൂടെ ഭരണം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ്​ യു.ഡി.എഫ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.