തെരഞ്ഞെടുപ്പ്: ആരോഗ്യം നോക്കാൻ ഇലക്​ഷൻ കൺട്രോൾ സെല്ലായി

കാസർകോട്​: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതി​ൻെറ ഭാഗമായി ജില്ല മെഡിക്കൽ ഓഫിസ് (ആരോഗ്യം) കോൺഫറൻസ് ഹാളിൽ ജില്ല ഇലക്​ഷൻ കൺട്രോൾ സെൽ പ്രവർത്തനമാരംഭിച്ചു.കോവിഡ് രോഗികൾക്കും സമ്പർക്ക പട്ടികയിലുള്ളവർക്കും മറ്റു നിരീക്ഷണത്തിൽ കഴിയുന്നവർക്കും സ്പെഷൽ പോസ്​റ്റൽ ബാലറ്റ് ലഭ്യമാക്കുന്നതിനുള്ള സർട്ടിഫൈഡ് ലിസ്​റ്റ്​ തയാറാക്കുന്നതിനായാണ് കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചത്​. ഓരോ ദിവസവും പോസിറ്റിവാകുന്ന കോവിഡ് രോഗികളുടെ ലിസ്​റ്റ്​ കീഴ്ഘടക സ്ഥാപനങ്ങളിലേക്ക് അയച്ചുകൊടുത്ത്​ അവരുടെ സമ്പർക്ക പട്ടിക കൂടി തയാറാക്കി തിരികെ വാങ്ങിയശേഷം ജില്ല കൺട്രോൾ റൂമിൽ വെച്ച് വ്യക്​തികളുടെ വോട്ടർപട്ടികയിലെ സീരിയൽ നമ്പർ, തിരിച്ചറിയൽ കാർഡ് നമ്പർ എന്നിവ ഉൾപ്പെടുത്തി ജില്ല ഇലക്​ഷൻ ഓഫിസർക്കു കൈമാറുന്ന പ്രവർത്തനമാണ് ഇവിടെ നടത്തുക. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളോടൊപ്പം തെരഞ്ഞെടുപ്പ് കാലത്ത് കോവിഡ് രോഗവ്യാപനം തടയുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ കൂടി ചെയ്തുവരുകയാണ് ആരോഗ്യ വകുപ്പ്. ഇതിനാവശ്യമായ ബോധവത്​കരണ പ്രവർത്തനങ്ങളും സംഘടിപ്പിച്ചുവരുന്നുണ്ട്​. പഞ്ചായത്ത്, മുനിസിപ്പൽ തലങ്ങളിൽ ഓരോ ഹെൽത്ത് ഇൻസ്പെക്ടർമാരെയും ബ്ലോക്ക് തലത്തിൽ ഹെൽത്ത് സൂപ്പർവൈസർമാരെയും നോഡൽ ഓഫിസർമാരാക്കിയാണ് പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്. അതതു കേന്ദ്രങ്ങളിലെ മെഡിക്കൽ ഓഫിസർമാർക്കാണ് മേൽനോട്ട ചുമതല. ജില്ല മെഡിക്കൽ ഓഫിസർ (ആരോഗ്യം) ഡോ.എ.വി. രാംദാസിനെ ഡെസിഗ്​നേറ്റഡ് മെഡിക്കൽ ഓഫിസർ ആക്കിക്കൊണ്ടാണ് ജില്ലതലത്തിൽ ഇലക്​ഷൻ സെൽ (ആരോഗ്യം) പ്രവർത്തനം. ഡെപ്യൂട്ടി ഡി.എം.ഒ ഡോ.എ.ടി. മനോജ് നോഡൽ ഓഫിസറും ഡോ. മാത്യു ജെ. വാളംപറമ്പിൽ അസിസ്​റ്റൻറ്​ നോഡൽ ഓഫിസറുമാണ്. അഡ്മിനിസ്‌ട്രേറ്റിവ് അസിസ്​റ്റൻറ്​ പി. ആൻറണി, ഡോ. പ്രസാദ് തോമസ്, ഡോ. ഡാൽമിറ്റ നിയ ജെയിംസ്, ഡോ. വിദ്യ സുഹാസ്, ഡോ. വി. സുശോഭ്​, ജില്ല മലേറിയ ഓഫിസർ കെ. പ്രകാശ് കുമാർ, ജില്ല മാസ്​ മീഡിയ ഓഫിസർ അബ്​ദുല്ലത്തീഫ് മഠത്തിൽ, സീനിയർ സൂപ്രണ്ട് പി. ഗിരീഷ് കുമാർ, കൺട്രോൾ സെൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പി.വി. മഹേഷ് കുമാർ തുടങ്ങിയവർ കൺട്രോൾ റൂം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.