കോവിഡ്: ഹോട്ടലുകൾക്ക് മാത്രമുള്ള നിയന്ത്രണം പിൻവലിക്കണം -കെ.എച്ച്.ആർ.എ

കാസർകോട്​‌: ഹോട്ടലുകൾ കോവിഡ് പകരുന്നതിന് കാരണമാകുന്നുവെന്ന ജില്ല ഭരണാധികാരിയുടെ അഭിപ്രായം ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് ഹോട്ടൽ ആൻഡ്​ റസ്​റ്റാറൻറ്​ അസോസിയേഷൻ ഭാരവാഹികൾ പ്രസ്താവനയിൽ പറഞ്ഞു. ഹോട്ടലുകൾ എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് പ്രവർത്തിക്കുന്നത്. ജില്ലയിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളിൽനിന്ന് ഇതുവരെ രോഗവ്യാപനം ഉണ്ടായിട്ടില്ല. മാളുകളിലും മറ്റു കടകളിലും മത്സ്യ മാർക്കറ്റിലും നിലവിൽ നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും അത് പാലിക്കപ്പെടുന്നില്ലെന്നത് നഗ്‌നസത്യമാണ്. ബസുകളിൽ ആദ്യം നിയന്ത്രണം ഉണ്ടായെങ്കിലും ഇപ്പോൾ നിയന്ത്രണങ്ങൾ കാറ്റിൽപറത്തി കെ.എസ്.ആർ.ടി.സി ഉൾപ്പെടെ യാത്രക്കാരെ കുത്തിനിറച്ചാണ് കൊണ്ടുപോകുന്നത്. ഇതൊന്നും കണ്ടില്ലെന്നുനടിച്ച് ഹോട്ടൽ വിഭാഗത്തിനെ മാത്രം രോഗവാഹകരായി കാണുന്നത് ശരിയല്ലെന്ന് ഭാരവാഹികൾ കുറ്റപ്പെടുത്തി. നിലവിൽ പ്രവർത്തനാനുമതിയുള്ള രാത്രി ഒമ്പതിനുശേഷം 11 വരെ പാർസൽ വിതരണത്തിനുള്ള അനുമതി നൽകി ഹോട്ടലുടമകൾ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കുകയാണ് വേണ്ടതെന്ന് അസോസിയേഷൻ വ്യക്​തമാക്കി. അടിയന്തര യോഗത്തിൽ ജില്ല പ്രസിഡൻറ്​ അബ്​ദുല്ല താജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി നാരായണ പൂജാരി, ഐഡിയൽ മുഹമ്മദ്, രാജൻ കളക്കര, ശ്രീനിവാസ ഭട്ട്, അജേഷ് ദേവികിരൺ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.