പ്രശ്‌നബാധിത ബൂത്തുകളിൽ പരിശോധനക്ക് ഉന്നതസംഘം

കാസർകോട്: തദ്ദേശ ഭരണ സ്ഥാപന തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ ക്രിട്ടിക്കൽ, വൾനറബിൾ വിഭാഗത്തിലുള്ള 127 പ്രശ്‌ന ബാധിത ബൂത്തുകളിൽ ജില്ല കലക്ടർ, ജില്ല പൊലീസ് മേധാവി, സബ് കലക്ടർ, ആർ.ഡി.ഒ, ഇലക്​ഷൻ ഡെപ്യൂട്ടി കലക്ടർ എന്നിവരടങ്ങിയ സംഘം ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ പരിശോധന നടത്തും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 90 ശതമാനത്തിലേറെ പോളിങ് നടക്കുകയും അതിൽ ഒരു സ്ഥാനാർഥിക്ക് മാത്രം 75 ശതമാനത്തിലെറെ വോട്ട് ലഭിക്കുകയും ചെയ്ത ബൂത്തുകൾ, പത്തോ അതിൽ കുറവോ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച ബൂത്തുകൾ എന്നിവയാണ് ക്രിട്ടിക്കൽ ബൂത്തുകൾ. മുൻവർഷങ്ങളിൽ അക്രമം റിപ്പോർട്ട് ചെയ്ത ബൂത്തുകളാണ് വൾനറബിൾ ബൂത്തുകൾ. ജില്ലയിൽ 84 പ്രശ്‌നബാധിത ബൂത്തുകളാണുള്ളത്. ഇതിൽ 78 എണ്ണം ഗ്രാമപഞ്ചായത്തുകളിലും ആറെണ്ണം നഗരസഭകളിലുമാണ്. 43 ആക്രമണ സാധ്യത ബൂത്തുകളാണുള്ളത്. രണ്ടു ദിവസങ്ങളിലായി പരിശോധന നടത്തിയ ശേഷമാണ് പൊലീസ് സുരക്ഷ കർശനമാക്കുന്നതും സി.സി.ടി.വി കാമറകൾ സ്​ഥാപിക്കുന്നതും സംബന്ധിച്ച് തീരുമാനമെടുക്കുക. പരിശോധന മഞ്ചേശ്വരം ബ്ലോക്കിൽനിന്നാരംഭിക്കും. കന്നട ഭാഷയിൽകൂടി ബാലറ്റ് പേപ്പർ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഭാഷ ന്യൂനപക്ഷങ്ങളുള്ള നിയോജക മണ്ഡലങ്ങളിൽ ബാലറ്റ് പേപ്പർ, വോട്ടിങ് മെഷീനിൽ പതിപ്പിക്കുന്ന ബാലറ്റ് ലേബൽ എന്നിവ തമിഴ്/കന്നട ഭാഷകളിൽകൂടി അച്ചടിക്കുവാൻ സംസ്​ഥാന തെരഞ്ഞെടുപ്പ് കമീഷണർ വി. ഭാസ്‌കരൻ നിർദേശം നൽകി. ജില്ലയിലെ ചില വാർഡുകളിൽ കന്നഡ ഭാഷയിലും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലെ ചില വാർഡുകളിൽ മലയാളത്തിന് പുറമേ തമിഴിലുമാണ് ബാലറ്റ് ലേബലും ബാലറ്റ് പേപ്പറും അച്ചടിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.