പുത്തിഗെ - നാട്ടുപോര്

ഇൻഫോ - ആകെ വാർഡുകൾ - 14 സി.പി.എം - 9 സി.പി.ഐ - 1 മുസ്​ലിം ലീഗ് - 2 ബി.ജെ.പി - 1 സ്വതന്ത്രൻ - 1 വീണ്ടും ചുവക്കാൻ കുമ്പള: കേരള രാഷ്​ട്രീയത്തിൽ കക്ഷിരാഷ്​ട്രീയങ്ങൾക്കതീതമായി കോൺഗ്രസും മുസ്​ലിം ലീഗും ബി.ജെ.പിയും തമ്മിൽ പ്രാദേശിക സഖ്യത്തിലൂടെ ഭരണമാറ്റമുണ്ടാക്കിയ പഞ്ചായത്താണ് പുത്തിഗെ. 2005ലായിരുന്നു കൗതുകകരമായ ഈ കൂട്ടുകെട്ട്. പിന്നീട് ഈ കൂട്ടുകെട്ട് കോലീബി സഖ്യം എന്ന പേരിൽ പ്രസിദ്ധിയാർജിക്കുകയും ചെയ്തു. ആകെയുള്ള പതിനാല് വാർഡുകളിലും എൽ.ഡി.എഫ് മത്സരിക്കുന്നു. ഒരു ഭരണത്തുടർച്ചയാണ് ലക്ഷ്യം. അതിന് തടയിടാൻ എതിരാളികൾക്ക് ആവില്ലെന്നത് വാസ്​തവമാണ്. എങ്കിലും കൂടുതൽ വാർഡുകൾ നേടുന്നതിന് യു.ഡി.എഫും ബി.ജെ.പിയും കിണഞ്ഞ് ശ്രമിക്കുന്നുണ്ട്. പതിനഞ്ചു വർഷം മുമ്പുള്ള കോലീബി കൂട്ടുകെട്ട് വീണ്ടും രൂപപ്പെടുന്നതായി സി.പി.എം ആരോപിക്കുന്നു. കോൺഗ്രസ് മത്സരിക്കുന്ന ബാഡൂരിൽ (നാല്​) പാർട്ടിക്ക് ഇരുന്നൂറോളം വോട്ടുകൾ ഉണ്ടായിട്ടും ബി.ജെ.പി അവസാന നിമിഷം പാർട്ടി സ്ഥാനാർഥിയെ പിൻവലിച്ചതും, തീരെ വോട്ടുകൾ പ്രതീക്ഷിക്കാനില്ലാത്ത കത്തീബ് നഗറിൽ (13) സി.പി.എമ്മിനെതിരെ ബി.ജെ.പി സ്ഥാനാർഥിയെ നിർത്തിയതും അവിശുദ്ധ കൂട്ടുകെട്ടുകളിലേക്കാണ് വിരൽചൂണ്ടുന്നതെന്നാണ് സി.പി.എം ആരോപിക്കുന്നത്. എങ്കിലും കഴിഞ്ഞ ഭരണ സമിതിയുടെ ഭരണനേട്ടങ്ങൾ പാർട്ടിക്ക് കൂടുതൽ വാർഡുകൾ നേടിത്തരുമെന്നാണ് നേതാക്കളുടെ വിശ്വാസം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് റെബൽ സ്ഥാനാർഥി ഇ.കെ. മുഹമ്മദ് കുഞ്ഞി മത്സരിച്ച് ജയിച്ച സീതാംഗോളിയിൽ (എട്ട്​) യു.ഡി.എഫിന് പ്രതീക്ഷയുണ്ട്. ബി.ജെ.പി സ്ഥാനാർഥിക്കെതിരെ ഇ.കെ. മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ ജമീലയാണ് ഇവിടെ യു.ഡി.എഫ് സ്ഥാനാർഥി. 820 ഹിന്ദുമത വിശ്വാസികളായ വോട്ടർമാരും 680 മുസ്​ലിം വോട്ടർമാരും 120 ക്രിസ്ത്യൻ വോട്ടർമാരുമുള്ള വാർഡിൽ ബി.ജെ.പിക്കെതിരെ 47 വോട്ടുകൾക്കാണ് 2015ൽ ഇ.കെ മുഹമ്മദ് കുഞ്ഞി ജയിച്ചത്. ക്രിസ്ത്യൻ വോട്ടുകൾ നിർണായകമായ വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥി തിമോത്തി ക്രാസ്ത 199 വോട്ടുകൾ നേടിയപ്പോൾ 100 വോട്ടായിരുന്നു സി.പി.എം സ്ഥാനാർഥിക്ക് ലഭിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നാൽപത് വോട്ടുകൾക്ക് യു.ഡി.എഫിനോട് തോറ്റ ബി.ജെ.പി ഇക്കുറി കണ്ണൂർ(ഒമ്പത്​) വാർഡിൽ സ്ഥാനാർഥിയെ നിർത്തിയിട്ടില്ലെന്നതാണ് കൗതുകകരമായ വസ്തുത. ഇത് യു.ഡി.എഫിനെ തോൽപിക്കാൻ വേണ്ടി സി.പി.എമ്മും ബി.ജെ.പിയും ചേർന്നുള്ള ഒത്തുകളിയാണെന്ന് യു.ഡി.എഫ് ആരോപിക്കുന്നു. യു.ഡി.എഫിൽ ഏണി ചിഹ്നത്തിൽ മുഹമ്മദ് റഫീഖും സി.പി.എം സ്ഥാനാർഥിയായി ഹസൈനാറുമാണ് രംഗത്ത്. ജനാർദനൻ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT