ജലജീവന്‍ മിഷന്‍: നിയമസഭ മണ്ഡലംതല പ്രവൃത്തിക്ക്​ തുടക്കം

ആറ് പഞ്ചായത്തുകളിലെ 15,845 ഭവനങ്ങളില്‍ വെള്ളമെത്തും കാസർകോട്​: ജലജീവന്‍ മിഷന്‍ പദ്ധതിയുടെ സംസ്ഥാനതല പ്രവര്‍ത്തനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. ചടങ്ങില്‍ ജലവിഭവ മന്ത്രി കെ. കൃഷ്ണന്‍ കുട്ടി അധ്യക്ഷനായി. തദ്ദേശസ്വയംഭരണ മന്ത്രി എ.സി.മൊയ്തീന്‍, ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക് എന്നിവര്‍ മുഖ്യാതിഥികളായി. കാഞ്ഞങ്ങാട് നിയമസഭ മണ്ഡലം തല പ്രവൃത്തി ഉദ്ഘാടനം വെള്ളിക്കോത്ത് മഹാകവി പി. സ്മാരക വൊക്കേഷനല്‍ ഹയര്‍സെക്കൻഡറി സ്‌കൂളില്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിർവഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ എം. ഗൗരി അധ്യക്ഷയായി. ജില്ല കലക്ടര്‍ ഡോ. ഡി. സജിത് ബാബു, കാസര്‍കോട് എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ എ.ജി.സി. ബഷീര്‍ എന്നിവര്‍ മുഖ്യാതിഥികളായി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ സി.കെ. സൈനബ, അജാനൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ എം.വി. രാഘവന്‍, കെ. സതി, പി. ബാലകൃഷ്ണന്‍, ദാമോദരന്‍, സുരേഷ് പുതിയേടത്ത്, എന്‍ മധു, വാട്ടര്‍ അതോറിറ്റി എ.ഇ യു.എസ് ഗോവിന്ദരാജ്, വാട്ടര്‍ അതോറിറ്റി എസ്.ഇ കെ.വി. വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ പി. ദാമോദരന്‍ സ്വാഗതവും കാസര്‍കോട്​ വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടിവ് എൻജിനീയര്‍ കെ. സുദീപ് നന്ദിയും പറഞ്ഞു. കാഞ്ഞങ്ങാട് മണ്ഡലത്തിലെ കിനാനൂര്‍ കരിന്തളം പഞ്ചായത്ത് ഒഴികെ എല്ലാ പഞ്ചായത്തുകളും ജലജീവന്‍ പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മണ്ഡലത്തിലെ 49,168 ഗ്രാമീണ ഭവനങ്ങളില്‍ 7,873 ഭവനങ്ങളില്‍ നിലവില്‍ ശുദ്ധജല കണക്​ഷന്‍ ലഭ്യമാണ്. ആറ് പഞ്ചായത്തുകളിലായി 15,845 ഭവനങ്ങളില്‍ ഒന്നാം ഘട്ടത്തില്‍ കുടിവെള്ള ടാപ്പ് കണക്​ഷന്‍ നല്‍കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. മടിക്കൈ പഞ്ചായത്തില്‍ നിലവിലുള്ള മടിക്കൈ കുടിവെള്ള പദ്ധതിയില്‍ നിന്നും ബാക്കിയുള്ള മുഴുവന്‍ ഭവനങ്ങളിലും (4,925), ബളാല്‍ പഞ്ചായത്തില്‍ നിലവിലുള്ള മാലോത്ത് ബളാല്‍ ഗ്രാമീണ ശുദ്ധജല പദ്ധതിയില്‍ നിന്നും 1,220 ഭവനങ്ങള്‍ക്കും കള്ളാര്‍ പഞ്ചായത്തിലെ കള്ളാര്‍ കുടിവെള്ളപദ്ധതിയില്‍ നിന്നും 1,500 ഭവനങ്ങള്‍ക്കും കോടോംബേളൂര്‍ പഞ്ചായത്തിലെ ബേളൂര്‍ കുടിവെള്ള പദ്ധതിയില്‍ നിന്നും 5,200 ഭവനങ്ങള്‍ക്കും പനത്തടി പഞ്ചായത്തിലെ പനത്തടി കുടിവെള്ള പദ്ധതിയില്‍ നിന്നും 1200 ഭവനങ്ങള്‍ക്കുമാണ് ഒന്നാം ഘട്ടത്തില്‍ ശുദ്ധജലം എത്തിക്കുക. അജാനൂര്‍ പഞ്ചായത്തിലെ 1,800 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ ശുദ്ധജല കണക്​ഷന്‍ നല്‍കുക. ജില്ലയില്‍ 38 ഗ്രാമ പഞ്ചായത്തുകളിലെ 2,53,522 ഭവനങ്ങളില്‍ 40,141 വീടുകള്‍ക്ക് നിലവില്‍ ശുദ്ധജല കണക്​ഷന്‍ ലഭ്യമാണ്. ശേഷിക്കുന്ന 2,13,381 വീടുകളിലും ജലജീവന്‍ പദ്ധതിയുടെ ഭാഗമായി 2024 നുള്ളില്‍ ഗാര്‍ഹിക കണക്​ഷന്‍ നല്‍കാനാണ് ഉദ്ദേശിക്കുന്നത്. മിഷ‍ൻെറ ഒന്നാം ഘട്ടത്തില്‍ ജില്ലയിലെ 30 പഞ്ചായത്തുകള്‍ക്കുള്ള പദ്ധതികളാണ് ജില്ലാ ശുചിത്വമിഷ‍ൻെറ ശിപാര്‍ശയില്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. 27 പഞ്ചായത്തുകളില്‍ കേരള വാട്ടര്‍ അതോറിറ്റിയും മൂന്ന് പഞ്ചായത്തുകളില്‍ ജല നിധിയുമാണ് നിര്‍വഹണ ഏജന്‍സി. വാട്ടര്‍ അതോറിറ്റി നടപ്പിലാക്കുന്ന 27 പഞ്ചായത്തുകളില്‍ 60,783 ടാപ് കണക്​ഷനുകള്‍ സ്ഥാപിക്കാന്‍ 215.27 കോടി രൂപയുടെയും ജലനിധി വഴി നടപ്പിലാക്കുന്ന മൂന്ന് പഞ്ചായത്തുകളില്‍ 8,308 ടാപ്പുകള്‍ സ്ഥാപിക്കാൻ 23.87 കോടി രൂപയുടെയും ഭരണാനുമതി ലഭിച്ചുകഴിഞ്ഞു. മണ്ഡലത്തിലെ ജലദൗര്‍ലഭ്യത്തിന് ശാശ്വത പരിഹാരമാകും -റവന്യൂ മന്ത്രി മണ്ഡലത്തിലെ ജനങ്ങളുടെ കുടിവെള്ള പ്രശ്‌നത്തിന് ജലജീവന്‍ മിഷനിലൂടെ പരിഹാരമാവുകയാണെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍. ജലജീവന്‍ മിഷൻ ജില്ലതല പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ പല പ്രദേശങ്ങളിലെ മിക്ക വീടുകളിലും കിണറുകള്‍ ഉണ്ടെങ്കിലും ചിലയിടങ്ങളില്‍ കിണറുകളില്‍ പോലും ശുദ്ധജലം ലഭിക്കാത്ത സാഹചര്യമുണ്ട്. ജില്ലയെ സംബന്ധിച്ചിടത്തോളം നദികളുടെ എണ്ണമൊക്കെ ഉണ്ടെങ്കിലും പെയ്തിറങ്ങുന്ന മഴവെള്ളം കുത്തിയൊലിച്ചു പോകുന്നതല്ലാതെ ജലം സംഭരിക്കാനും വിതരണം ചെയ്യാനുമുള്ള മാര്‍ഗങ്ങളില്ല. പലയിടങ്ങളിലായി ഏതാനും ചില ജലവിതരണ പദ്ധതികള്‍ ഉണ്ട്. അതിനുപുറമെ ജലനിധിയും ഉണ്ട്. ഓരോ പ്രദേശങ്ങളിലും ചിലയിടങ്ങളും ചില പഞ്ചായത്തിലെ ചില വാര്‍ഡുകളും അടിസ്ഥാനപ്പെടുത്തിയാണ് പദ്ധതികളുള്ളത്​. അവശേഷിക്കുന്ന വലിയൊരു വിഭാഗം ആളുകള്‍ കുടിവെള്ളത്തിനുവേണ്ടി വലിയ പ്രയാസമാണ് നേരിടുന്നത്. ജനുവരിയോടെ ജലലഭ്യത കുറയുന്ന ഒരുപാട് പ്രദേശങ്ങള്‍ നമ്മുടെ ജില്ലയിലുണ്ട്​. ഇത്തരം പ്രദേശങ്ങൾക്കൊക്കെ ഏറ്റവും കൂടുതല്‍ സഹായകമാകുന്ന പദ്ധതിയാണ്​ ഇത്. 2020--24 വര്‍ഷക്കാലയളവുകൊണ്ട് ജലജീവന്‍ മിഷന്‍ പദ്ധതി പൂര്‍ണമായി നടപ്പാക്കാണ് ആലോചിക്കുന്നത്. കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ ആറു പഞ്ചായത്തുകളില്‍ എല്ലായിടത്തും കുടിവെള്ളം ലഭ്യമാക്കാനുള്ള നടപടി പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. മടിക്കൈ പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും ജലം എത്തിക്കണം. 22 കോടി രൂപയാണ് അതിനുവേണ്ടി വിനിയോഗിക്കുക. അജാനൂരില്‍ 1800 വീടുകള്‍ക്ക് 3.31 കോടി രൂപയും കോടോം ബേളൂരില്‍ 5200 വീടുകള്‍ക്ക് 15 കോടി രൂപയും പനത്തടിയില്‍ 1200 വീടുകള്‍ക്ക്​ 5.9 കോടി രൂപയും ബളാലില്‍ 1220 വീടുകള്‍ക്ക് 6.5 കോടി രൂപയും കള്ളാറില്‍ 1500 വീടുകളില്‍ ആറ് കോടി രൂപയും വിനിയോഗിച്ചാണ് ജലനിധി ജലവിഭവ വകുപ്പ് ഈ പദ്ധതി നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.