ജില്ല ആശുപത്രി പൂര്‍ണമായും കോവിഡ് ആശുപത്രിയാക്കാന്‍ നിര്‍ദേശം

കാസർകോട്: കാഞ്ഞങ്ങാട്​ ജില്ല ആശുപത്രി പൂര്‍ണമായും കോവിഡ് ആശുപത്രിയാക്കി മാറ്റുന്നതിനുള്ള പ്രൊപ്പോസല്‍ ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എ.വി. രാംദാസ് (ആരോഗ്യം) ജില്ലതല കോവിഡ്​ കോര്‍കമ്മിറ്റി യോഗത്തില്‍ അവതരിപ്പിച്ചു. ഇതിനായി ജില്ല ആശുപത്രിയിലെ കേസുകള്‍ നീലേശ്വരം, പെരിയ എന്നിവിടങ്ങളിലെ ആശുപത്രിയിലേക്ക് മാറ്റാവുന്നതാണെന്ന് ഡി.എം.ഒ അറിയിച്ചു. എന്നാല്‍, പ്രസവ ചികിത്സ വിഭാഗത്തി​ൻെറ പ്രവര്‍ത്തനത്തിന് ഓപറേഷന്‍ തിയറ്ററോടു കൂടിയ ഒരു ആശുപത്രി കണ്ടെത്തേണ്ടതുണ്ട്. ഈ ആവശ്യത്തിനായി സഞ്ജീവനി ആശുപത്രിയുടെ ഓപറേഷന്‍ തിയറ്റര്‍ അടക്കം ഒരു ഭാഗം ലഭ്യമാവുമോയെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ല കലക്ടര്‍ ഡോ. ഡി. സജിത് ബാബു ഡി.എം.ഒയെ ചുമതലപ്പെടുത്തി. കണ്ടെയ്​ൻമൻെറ്​ സോണല്ലാത്ത എല്ലാ സ്ഥലങ്ങളിലും ഓട്ടോ-ടാക്‌സി സ്​റ്റാന്‍ഡുകള്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുള്ളതായി വിഡിയോ കോണ്‍ഫറന്‍സിങ് വഴി സംഘടിപ്പിച്ച കോര്‍ കമ്മിറ്റി യോഗത്തില്‍ ജില്ല കലക്ടര്‍ അറിയിച്ചു. കർണാടകയില്‍നിന്ന് കേരളത്തിലെ പ്രദേശത്ത് പ്രവേശിച്ച് കര്‍ണാടകയിലേക്കുതന്നെ പോകുന്ന ബസുകള്‍ക്ക് അനുമതി നല്‍കുമെന്ന് അദ്ദേഹം യോഗത്തില്‍ പറഞ്ഞു. എന്നാല്‍, ഈ ബസുകള്‍ ജില്ലയിലെ ഒരു സ്ഥലത്തും നിര്‍ത്താനോ ആള്‍ക്കാരെ കയറ്റാനോ ഇറക്കാനോ പാടില്ല. ജില്ലയിലെ കോവിഡ് നിയന്ത്രണം ഈ രീതിയില്‍ തുടരുകയാണെങ്കില്‍ പത്താംതരം, പ്രവേശന പരീക്ഷകള്‍ എന്നിവ നടത്തിയ മാതൃകയില്‍ കോവിഡ് ചട്ടം പാലിച്ചു കൊണ്ട് നവംബര്‍ ഒന്നുമുതല്‍ 18 വരെയുള്ള ചാര്‍ട്ടേഡ് അക്കൗണ്ടൻറ്​ പരീക്ഷ നടത്തുന്നതിന് യോഗം അനുമതി നല്‍കി. കലക്ടര്‍ ഡോ.ഡി. സജിത് ബാബു അധ്യക്ഷത വഹിച്ചു. സബ് കലക്ടര്‍ ഡി.ആര്‍. മേഘശ്രീ, എ.ഡി.എം എന്‍. ദേവീദാസ്, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.എ.വി. രാംദാസ്, ആര്‍.ഡി.ഒ ഷംസുദ്ദീന്‍, ഡിവൈ.എസ്.പിമാരായ വിനോദ്കുമാര്‍, ബാലകൃഷ്ണന്‍ നായര്‍, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എം. മധുസൂദനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT