യൂത്ത് കോൺഗ്രസ് ക്രൈം ബ്രാഞ്ച് ഓഫിസ് മാർച്ചിൽ സംഘർഷം

കാസർകോട്: യൂത്ത്് കോൺഗ്രസ് പ്രവർത്തകരായിരുന്ന ശരത് ലാൽ-കൃപേഷ് വധക്കേസിൽ ഹൈകോടതി ഉത്തരവിട്ടിട്ടും കേസ് ഡയറി സി.ബി.ഐക്ക് കൈമാറാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റി ക്രൈം ബ്രാഞ്ച് ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. സംസ്​ഥാന സെക്രട്ടറി ജോമോൻ ജോസഫ്, ജില്ല പ്രസിഡൻറ് ബി.പി. പ്രദീപ് കുമാർ തുടങ്ങി നിരവധി നേതാക്കൾക്ക് മർദനമേറ്റു. ബുധനാഴ്ച രാവിലെ 11ഓടെ വിദ്യാനഗർ ഡി.സി.സി ഓഫിസ് പരിസരത്തുനിന്ന്​ ആരംഭിച്ച മാർച്ച് സീതാംഗോളി റോഡ് വഴിയാണ് പാറക്കട്ട ജില്ല പൊലീസ് കാര്യാലയത്തിലെ ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് നീങ്ങിയത്. എസ്.പി ഓഫിസിന് സമീപം പൊലീസ് ബാരിക്കേഡ് വെച്ച് മാർച്ച് തടഞ്ഞു. സംസ്​ഥാന വൈസ് പ്രസിഡൻറ്​ റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ്​ ബി.പി. പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. തുടർന്ന് പ്രവർത്തകർ ബാരിക്കേഡ് ഭേദിക്കാൻ ശ്രമിക്കുന്നതിനിടയിൽ പ്രദീപ് കുമാറിനെയും ജോമോൻ ജോസഫിനെയും പൊലീസ് സംഘം മർദിക്കുകയായിരുന്നു. ജലപീരങ്കി പ്രയോഗിച്ച് പ്രവർത്തകരെ പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. പിന്നീട് ഡി.സി.സി പ്രസിഡൻറ് ഹക്കീം കുന്നിൽ, ഡി.സി.സി ഭാരവാഹികളായ ബാലകൃഷ്ണൻ പെരിയ, പി.വി. സുരേഷ് എന്നിവർ ഇടപെട്ട് പ്രവർത്തകരെ ശാന്തരാക്കി തിരിച്ചുപോകുന്നതിനിടയിൽ പൊലീസ് സംഘം ബി.പി. പ്രദീപ് കുമാറിനെ തടഞ്ഞുവെച്ച് ഷർട്ട് വലിച്ചു കീറി മർദിച്ചതായും നേതാക്കൾ കുറ്റപ്പെടുത്തി. പ്രകടനമായി തിരിച്ചു പോയ പ്രവർത്തകർ പൊലീസ് അതിക്രമത്തെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സീതാംഗോളി ജങ്ഷനിലെ ദേശീയ പാതയിൽ കുത്തിയിരുന്നു. കാസർകോട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായർ നേതാക്കളുമായി നടത്തിയ ചർച്ചയിൽ പൊലീസ് അതിക്രമം അന്വേഷിക്കാമെന്ന ഉറപ്പിനെ തുടർന്നാണ് പ്രവർത്തകർ പിരിഞ്ഞുപോയത്. സമാധാനപരമായി സമരം നടത്തിയ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ അകാരണമായി മർദിച്ച പൊലീസ് നടപടിയിൽ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിഷേധ സമരങ്ങളെ അസഹിഷ്ണുതയോടെ കാണുന്ന പൊലീസ് നടപടി നീതികരിക്കാനാവാത്തതാണെന്ന് ഡി.സി.സി പ്രസിഡൻറ്​ ഹക്കീം കുന്നിൽ ആരോപിച്ചു. ഇന്ന് പ്രതിഷേധ മാർച്ച് കാസർകോട്: പെരിയ ഇരട്ട കൊലപാതകം കേസ് ഡയറി സി.ബി.ഐ അന്വേഷണ സംഘത്തിന് കൈമാറാത്ത ക്രൈംബ്രാഞ്ച് നടപടിയിൽ പ്രതിഷേധിച്ച് ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് മാർച്ച്‌ നടത്തിയ യൂത്ത് കോൺഗ്രസ്‌ ജില്ല പ്രസിഡൻറ്​ ബി.പി. പ്രദീപ് കുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ് എന്നിവരെ മർദിച്ച പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച രാവിലെ 11ന് നീലേശ്വരം, കാഞ്ഞങ്ങാട്, ബേക്കൽ, കാസർകോട്, മഞ്ചേശ്വരം പൊലീസ് സ്​റ്റേഷനുകളിലേക്ക് യൂത്ത് കോൺഗ്രസ്‌ മാർച്ച്‌ നടത്തുമെന്ന് സംസ്​ഥാന വൈസ് പ്രസിഡൻറ്​ റിജിൽ മാക്കുറ്റി അറിയിച്ചു. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ഓഫിസ് മാർച്ച്‌ ഡി.സി.സി പ്രസിഡൻറ്​ ഹക്കീം കുന്നിൽ ഉദ്ഘാടനം ചെയ്യും. ksd Congress: യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റി നടത്തിയ ക്രൈം ബ്രാഞ്ച് ഓഫിസ് മാർച്ചിൽ പങ്കെടുത്ത പ്രവർത്തകരെ പൊലീസ് മർദിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.