സമൂഹ വ്യാപന ഭീതി; പിലിക്കോട് ആനിക്കാടി കണ്ണാടിപ്പാറ കോളനി അടച്ചിട്ടു

ചെറുവത്തൂർ: 33 പേർക്ക് കോവിഡ് സ​ഥിരീകരിച്ചതോടെ പിലിക്കോട് പഞ്ചായത്ത് ഭീതിയിൽ. ആനിക്കാടി കണ്ണാടിപ്പാറ കോളനിയില്‍ രോഗനിര്‍ണയം നടത്തിയപ്പോഴാണ് 33 പേര്‍ക്ക് പോസിറ്റിവായത്. സാമൂഹ വ്യാപനം ഉണ്ടായേക്കുമെന്നാണ്​​ ആരോഗ്യ പ്രവര്‍ത്തകരുടെയും പൊലീസി‍ൻെറയും നിഗമനം. ഇതോടെ കോളനിയില്‍ കടുത്ത നിയന്ത്രണങ്ങൾ സ്വീകരിക്കാന്‍ പഞ്ചായത്ത് തീരുമാനിച്ചു. കോളനിഭാഗത്തേക്കുള്ള യാത്രകള്‍ പൂര്‍ണമായും നിരോധിക്കും. പ്രദേശങ്ങളിലെ കടകള്‍ പൂര്‍ണമായും അടച്ചിടുക, ആള്‍ക്കൂട്ടങ്ങള്‍ കൂട്ടം കൂടുന്ന പരിപാടികള്‍ നിർത്തലാക്കുക, സാമൂഹികഅകലം പാലിക്കുക എന്നിങ്ങനെയുള്ള നിര്‍ദേശങ്ങള്‍ നൽകി. കോളനിയിലെ 58 കുടുംബങ്ങളും ക്വറൻറീനിൽ പ്രവേശിക്കും. സമീപദിവസങ്ങളില്‍ ആനിക്കാടി കോളനിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെല്ലാം സ്വയം നിരീക്ഷണത്തിന്​ വിധേയരാകണമെന്ന്​ ആരോഗ്യ വകുപ്പ് അറിയിച്ചു. കോളനിവാസികള്‍ക്ക് സൗജന്യമായ ഭക്ഷണക്കിറ്റ് എത്തിക്കുന്നതിന് ജില്ല പട്ടികജാതി വികസനവകുപ്പ് മേധാവികളോട് അഭ്യർഥിച്ചിട്ടുണ്ടെന്ന്​ പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ടി.വി. ശ്രീധരന്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.